കോഴിക്കോട്: വാണിജ്യ വിഭാഗത്തെ കൂടുതൽ ശക്തിപ്പെടുത്തി കേരള സോപ്സ് വിപുലീകരിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. കേരള സോപ്സ് ഫാക്ടറി സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

കുത്തക കമ്പനികളോടാണ് കേരള സോപ്സിന് മത്സരിക്കേണ്ടത്. ഈ വെല്ലുവിളി സ്വീകരിച്ച് ഗുണമേന്മയിലും ആകർഷണീയമായ രീതിയിലും കേരള സോപ്സ് ഉത്പന്നങ്ങൾ വിപണിയിലിറക്കും. ഹാൻഡ് വാഷ് പോലുള്ള ഉത്പന്നങ്ങളും പുറത്തിറക്കും.

വിപണന രംഗത്ത് മുന്നേറുന്നതിന് പ്രത്യേക മാർക്കറ്റിംഗ് ഡിപ്പാർട്ട്മെന്റ് രൂപീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേരള സോപ്‌സ് ഇടവേളയ്ക്ക് ശേഷം തുറന്നപ്പോൾ മുതൽ നഷ്ടത്തിലായിരുന്നു. പക്ഷെ ഇപ്പോള്‍ കരകയറാന്‍ സാധിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ കൂടുതൽ വിപണികൾ കണ്ടെത്തി. ചൈന ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിലേക്ക് കേരള സോപ്സിന്റെ ഉത്പന്നങ്ങൾ കയറ്റി അയ്ക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

കമ്പനി മാനേജ്മെന്റ് പ്രതിനിധികളുമായും തൊഴിലാളി സംഘടന പ്രതിനിധികളുമായുംമന്ത്രി ചർച്ച നടത്തി.