നാദാപുരം: എം.എൽ.എയുടെ പറമ്പിലും ക്ഷേത്ര ഭണ്‌ഡാരത്തിനരികിലും മാലിന്യം തള്ളിയ സംഭവത്തിൽ കല്ലാച്ചിയിലെ ബേക്കറി ഗ്രാമ പഞ്ചായത്ത് അധികൃതർ അടച്ചു പൂട്ടി. കല്ലാച്ചി ടൗണിലെ പെട്രോൾ പമ്പ് പരിസരത്തെ ബേക്കറിയാണ് അടച്ചു പൂട്ടിയത്. ഇന്നലെ രാത്രി പത്തു മണിയോടെയാണ് ബേക്കറി ഉടമ പ്രദേശവാസികളായ ചിലരുടെ സഹായത്തോടെ . എ.പ്രദീപ് കുമാർഎം.എൽ.എയുടെ ചേലക്കാട് പൂശാരി മുക്കിലുള്ള തറവാട്ടു വീടിൻറെ പറമ്പിലും സമീപത്തെ കളയംകുളം ക്ഷേത്രത്തിൻറെ പരിസരത്ത് റോഡരികിലെള ഭണ്‌ഡാരത്തിൻറെ പിൻ ഭാഗത്തും മാലിന്യം നിക്ഷേപിച്ചത്. മാലിന്യം നിക്ഷേപിക്കാനെത്തിയവരെ പ്രദേശവാസികൾ കൈയോടെ പിടികൂടുകയായിരുന്നു. തുടർന്ന് ബേക്കറിയുടെ പാർട്ണറായ കക്കട്ട് സ്വദേശി കുന്നത്ത് അബ്ദുൾ മജീദിനെ നാദാപുരം പൊലീസ് അറസ്റ്റു ചെയ്തു. ജനവാസ കേന്ദ്രത്തിൽ നിക്ഷേപിച്ച മാലിന്യങ്ങൾ ബേക്കറി ഉടമകളെ കൊണ്ടു തന്നെ തിരികെ എടുപ്പിച്ചു. നാദാപുരം ഗ്രാമ പഞ്ചായത്ത് അധികൃതർ 2500 രൂപ പിഴ അടക്കാനായി നോട്ടീസ് നൽകിയിട്ടുണ്ട്.
മറ്റൊരു സംഭവത്തിൽ ചേലക്കാട് തണ്ണീർപന്തൽ റോഡിൽ കുറ്റിപ്രം മരമില്ലിന് സമീപം മാലിന്യങ്ങൾ നിറച്ച പതിനാല് പ്ലാസ്റ്റിക്ക് കണ്ടെയ്നറുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. അസഹ്യമായ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് റോഡരികിൽ നിന്ന് കണ്ടെയ്നറുകൾ കണ്ടെത്തിയത്. ഹോട്ടലിൽ നിന്നും കോഴി സ്റ്റാളുകളിൽ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങൾ ഇത്തരം കണ്ടെയ്നറുകളിൽ ശേഖരിച്ച് പന്നി ഫാമുകളിലേക്ക് ചിലർ കൊണ്ട് പോകാറുണ്ട്. എന്നാൽ ഈ കണ്ടെയ്നറുകൾ ജനവാസ കേന്ദ്രത്തിലെ റോഡരികിൽ ഉപേക്ഷിച്ച സംഭവത്തിൽ ദുരൂഹത യുണ്ട്. നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.