നാദാപുരം: കണ്ടി വാതുക്കൽ ആയോട് മലയോരത്തെ ജനവാസ കേന്ദ്രത്തിൽ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി കൃഷി നശിപ്പിച്ചു. കവുങ്ങ്, കുരുമുളക്, വാഴ എന്നിവയാണ് നശിപ്പിച്ചത്. കടുവാ താഴെ തോമസിൻറെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിലെ മുന്നൂറോളം നേന്ത്രവാഴ തൈകളാണ് ആനകൾ നശിപ്പിച്ചത്. ഇന്നലെ രാവിലെ ഏഴ് മണിയോടെയാണ് ആനക്കൂട്ടം ജനവാസ കേന്ദ്രങ്ങളിലിറങ്ങിയത്. കണ്ണൂർ ജില്ലയിലെ കണ്ണവം വന മേഖലയിൽ നിന്നാണ് ആനകളിറങ്ങുന്നത്.
വനമേഖലയിൽ നിന്ന് എണ്ണൂറോളം മീറ്റർ ദൂരെ മലയുടെ താഴ് വാരത്താണ് ജനവാസ കേന്ദ്രം ഇവിടെ മാത്രം എട്ട് കുടുംബങ്ങൾ താമസിക്കുന്നുണ്ട്. കഴിഞ്ഞമാസംഈ മേഖലയിൽ ആനകളിറങ്ങി ഇരുപതോളം കർഷകരുടെ കാർഷിക വിളകൾ നശിപ്പിച്ചിരുന്നു. കർഷകരുടെ പ്രതിഷേധത്തെ തുടർന്ന് മലയോരത്ത് വനം വകുപ്പ് അധികൃതർ താൽക്കാലിക അടിസ്ഥാനത്തിൽ പ്രദേശവാസികളായ നാട്ടുകാരെ വാച്ചർമാരായി നിയോഗിച്ചിരുന്നു. പടക്കം പൊട്ടിച്ചും മറ്റും അന്ന് കാട്ടിലേക്ക് തുരത്തി ഓടിച്ച ആനകൾ വീണ്ടും എത്തിയത് നാട്ടുകാരെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.