azhiyoor-shop
അഴിയൂരില്‍ ലക്കിസ്റ്റോറില്‍ മോഷ്ടാവ് കടയുടെ ഷീറ്റുനീക്കിയപ്പോൾ

വടകര: പൊലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടും അഴിയൂരിലെ ജനങ്ങള്‍ക്ക് ഉറക്കമില്ലാത്ത രാത്രി . കഴിഞ്ഞ രണ്ടാഴ്ച മുമ്പ് മോഷണശ്രമം നടന്ന കടയില്‍ വെള്ളിയാഴ്ച രാത്രി മോഷണം നടന്നതാണ് അവസാനത്തേത്. അയ്യായിരത്തോളം രൂപ വിലവരുന്ന സിഗരറ്റുകളാണ് മോഷണം പോയത്. അഴിയൂര്‍ ചുങ്കം കുളമുള്ള പറമ്പ് സദാനന്ദന്റെ ഉടമസ്ഥതയിലുള്ള ലക്കി സ്റ്റേഷനറിയിലാണ് മോഷണം നടന്നത്. മുന്‍ഭാഗത്തെ ഷീറ്റ് ഇളക്കി മാറ്റിയാണ് മോഷ്ടാവ് ഉള്ളില്‍ കയറിയത്. ഫ്രിഡ്ജിന് നേരെ മുകളിലുള്ള ഷീറ്റ് നീക്കി ഫ്രിഡ്ജില്‍ ചവിട്ടിയാണ് അനായാസം മോഷ്ടാവ് ഉള്ളില്‍ കയറിയത്. രണ്ടാഴ്ച മുമ്പ് ഇവിടെ കയറാന്‍ ഉയര്‍ച്ചയിലുള്ള ഓടിളക്കി മാറ്റിയെങ്കിലും ഉള്ളില്‍ കയറാന്‍ മോഷ്ടാവിന് സാധിച്ചിരുന്നില്ല. രണ്ട് മാസത്തിനിടെ പതിമൂന്നാമത്തെ മോഷണമാണ് അഴിയൂരില്‍ നടക്കുന്നത്. കഴിഞ്ഞ ദിവസം പശുവും കുട്ടിയും എയ്‌സ് വണ്ടിയും മോഷണം പോയിരുന്നു. മോഷ്ടാക്കള്‍ വന്നതെന്നു കരുതുന്ന തലശ്ശേരി റജിസ്‌ട്രേഷനുള്ള ഓട്ടോറിക്ഷ സ്ഥലത്തുനിന്നും കിട്ടിയിരുന്നു. രാത്രി പശുവുമായി കടന്നുകളഞ്ഞ മോഷ്ടാക്കള്‍ മൂരാട് പാലം വഴി വാഹനത്തില്‍ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിരുന്നു. എന്നാല്‍ അന്വേഷണം എവിടെയുമെത്തിയിട്ടില്ല. റോയല്‍ ചിക്കന്‍ സ്റ്റാള്‍, മില്‍മ ബൂത്ത്, ഹിബ സ്റ്റോര്‍, ലക്കി സ്റ്റേഷനറി, ആക്രിക്കട, ടി എന്‍ സ്റ്റോര്‍സ്, ശ്രീനിവാസ് സ്റ്റോര്‍സ്, എംസണ്‍ട്രേഡേഴ്‌സ് തുടങ്ങിയ വ്യാപാര സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്. സംഭവത്തില്‍ ചോമ്പാല പൊലിസ് കാണിക്കുന്ന അലംഭാവത്തില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി അഴിയൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രസിഡന്റ് എം.ടി അരവിന്ദന്‍, സെക്രട്ടറി സാലിം അഴിയൂര്‍, ട്രഷറര്‍ മുബാസ് കല്ലേരി സംസാരിച്ചു. മഹമൂദ് എ കെ , ഷരുണ്‍, ടി ജയപ്രകാശ്, മുത്തു നേതൃത്വം നല്‍കി.