newbusstand
എസ്കലേറ്റർ കം ഫൂട്ട് ഓവർ ബ്രിഡ്ജിന്റെ മാതൃക

 എസ്കലേറ്റർ കം ഫൂട്ട് ഓവർ ബ്രിഡ്ജിന്റെ നിർമാണം അടുത്തമാസം ആരംഭിക്കും

 നിർമാണ ചുമതല യു.എൽ.സി.സി.എസിന്

കോഴിക്കോട്: പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ ഗതാഗതകുരുക്ക് കുറയ്ക്കാനും തിരക്കു നിയന്ത്രിക്കാനും ലക്ഷ്യമിട്ട് പ്രഖ്യാപിച്ച എസ്കലേറ്റർ കം ഫൂട്ട് ഓവർ ബ്രിഡ്ജ് ഉടൻ വരും. കേന്ദ്രസര്‍ക്കാരിന്റെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കോഴിക്കോട് നഗരത്തിന് ഏറെ ഉപകാരപ്പെടുന്ന പദ്ധതി ആരംഭിക്കുന്നത്.

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മേൽനോട്ടത്തിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി നിർമാണം നടത്തും. ഇൻഡോർ സ്‌റ്റേഡിയത്തിന് സമീപത്താണ് എസ്‌കലേറ്ററും നടപ്പാലവും നിർമിക്കുന്നത്. രാജാജി റോഡിന് മുകളിലൂടെ പുതിയ ബസ് സ്റ്റാൻഡിലേക്കും തിരിച്ചും ഇറങ്ങാൻ പാകത്തിലാണ് എസ്കലേറ്റർ കം ഫൂട്ട് ഓവർബ്രിഡ്ജ് നിർമിക്കുന്നത്.
നടപ്പാലത്തിലേക്കു കയറാനായി റോഡിന്റെ ഇരുവശത്തും എസ്‌കലേറ്ററുകളും ലിഫ്റ്റും കോണിപ്പടികളും ഉണ്ടാകും. മഴനനയാതിരിക്കാൻ മേൽക്കൂരയും സജ്ജീകരിക്കും. പദ്ധതിയുടെ ഇരുവശങ്ങളിലുമായി 1140 ചതുരശ്രഅടി സ്ഥലം വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്തും.

 കരാർ ഇങ്ങനെ

ഒരു വർഷം കൊണ്ട് യു.എൽ.സി.സി.എസ് നിർമാണം പൂർത്തിയാക്കും

മൂന്ന് വർഷത്തെ പരിപാലനവും അവർ നിർവഹിക്കും

അനുവദിച്ച തുക 11.35 കോടി

 മേൽപാലം ഇങ്ങനെ

നടപ്പാലത്തിന്റെ നീളം : 25. 37 മീറ്റർ

വീതി: 3 മീറ്റർ

ഉയരം : 6.5 മീറ്റർ

 ഉപകാരപ്രദമാകുമെന്ന് കോർപ്പറേഷൻ

മൊഫ്യുസില്‍ ബസ്‌ സ്റ്റാന്‍ഡിന് മുന്നില്‍ രാജാജി റോഡിന് കുറുകെയായി റോഡു മുറിച്ചു കടക്കാന്‍ നേരത്തേ നടപ്പാലം സ്ഥാപിച്ചിരുന്നെങ്കിലും അത് പിന്നീട് പൊളിച്ചു മാറ്റിയിരുന്നു. എസ്‌കലേറ്ററും ലിഫ്റ്റും വരുമ്പോൾ ആളുകൾ ഉപയോഗിക്കുമെന്നാണ് കോർപ്പറേഷൻ പ്രതീക്ഷിക്കുന്നത്.

 സംയുക്ത പദ്ധതി
കേന്ദ്ര - സംസ്ഥാന സർക്കാറുകളുടെയും കോർപ്പറേഷന്റെയും സംയുക്ത പദ്ധതിയാണിത്. പദ്ധതിയുടെ 50 ശതമാനം ഫണ്ട് കേന്ദ്ര വിഹിതമാണ്. 30 ശതമാനം സംസ്ഥാന സർക്കാറും 20 ശതമാനം കോർപ്പറേഷനും ഫണ്ട് കണ്ടെത്തിയത്. കഴിഞ്ഞ സെപ്തംബറിലാണ് കെ.എം.ആർ.എൽ സംഘം കോഴിക്കോട്ടെത്തി പദ്ധതിയുടെ സാദ്ധ്യതകൾ പരിശോധിച്ചത്.