കോഴിക്കോട്: ശബരിമല ക്ഷേത്രത്തിലെ ആചാരഅനുഷ്ഠാനങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലാതല ശബരിമല കർമ്മസമിതി രൂപീകരിച്ചു. ശാരദ അദ്വൈതാശ്രമത്തിൽ നടന്ന രൂപീകരണ യോഗം ചിന്മയാ മിഷൻ അദ്ധ്യക്ഷൻ സ്വാമി ജിതാത്മാനന്ദ സരസ്വതി നിലവിളക്ക് തെളിയിച്ച് ഉദ്ഘാടനം ചെയ്തു. കൊളത്തൂർ അദ്വൈതാശ്രമം

മഠാധിപതിയും ശബരിമല കർമ്മസമിതി രക്ഷാധികാരിയുമായ സ്വാമി ചിദാനന്ദപുരി മുഖ്യപ്രഭാഷണം നടത്തി. ആർ.എസ്.എസ് പ്രാന്തകാര്യവാഹ് പി. ഗോപാലൻകുട്ടി ആമുഖ പ്രഭാഷണം നടത്തി. ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന അദ്ധ്യക്ഷൻ പ്രൊഫ. പി.സി. കൃഷ്ണവർമ്മരാജ അദ്ധ്യക്ഷത വഹിച്ചു. അമൃതാനന്ദമയി മഠം മഠാധിപതി ബ്രഹ്മചാരി വിവേകാമൃത ചൈതന്യ, സ്വാമി സത്യാനന്ദ തുടങ്ങിയവർ പങ്കെടുത്തു. സി. ഗംഗാധരൻ ശബരിമല കർമ്മ സമിതി പ്രഖ്യാപനം നടത്തി. പത്ത് ആശ്രമങ്ങളിലെ ആചാര്യന്മാരും രക്ഷാധികാരികളും32 സാമുദായിക സംഘടനകളുടെ ജില്ലാ നേതാക്കളും ഉൾപ്പെടുന്നഅഞ്ഞൂറ്റി ഒന്നംഗ കർമ്മ സമിതി രൂപീകരിച്ചു. റിട്ട. ജില്ലാ ജഡ്ജി. പി.എൻ. ശാന്തകുമാരി അദ്ധ്യക്ഷയും, ശശി കമ്മട്ടേരി പ്രവർത്തന അദ്ധ്യക്ഷനുമാണ്. ജനറൽ കൺവീനറായി കെ. ഷൈനു, കൺവീനർമാരായി കെ. സർജിത്ത്‌​ലാൽ, ഗോപിനാഥ്, എൻ.കെ. സുഭാഷ്, സംയോജകനായി എം.ജയരാജ്. ട്രഷററായി സോജൻ എന്നിവരെ തിരഞ്ഞെടുത്തു. ശബരിമലയിൽ ചിത്തിര ആട്ടത്തിന്റെ ഭാഗമായി നട തുറക്കുന്ന സമയത്ത് കോഴിക്കോട്, കൊയിലാണ്ടി, വടകര, ബാലുശ്ശേരി, താമരശ്ശേരി, കുന്ദമംഗലം എന്നിവിടങ്ങളിൽ അഖണ്ഡ ശരണമന്ത്ര നാമജപയജ്ഞം നടക്കും. ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് അഷ്‌​ടോത്തര ശതാർച്ചന നടന്നുവരികയാണ്. നവംബർ 11 ന് സംസ്ഥാന വ്യാപകമായി നടക്കുന്ന ഹിന്ദു സമ്മേളനത്തിന്റെ ഭാഗമായി ജില്ലാ തല ശബരിമല വിശ്വാസ സംരക്ഷണ സമ്മേളനം വൈകീട്ട് അഞ്ച് മണിക്ക് നടക്കും. ശബരിമല കർമ്മ സമിതി കൺവീനർ വത്സൻ തില്ലങ്കേരി, അദ്ധ്യാത്മിക ആചാര്യന്മാർ, സാമുദായിക നേതാക്കന്മാർ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും.