കല്പറ്റ: രാജ്യത്ത് കലാപങ്ങളുണ്ടാക്കി അധികാരം പിടിച്ചെടുക്കാനാണ് ബി.ജെ.പി.യും സംഘപരിവാറും ശ്രമിക്കുന്നതെന്ന് ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി ഷെയ്ഖ് പി. ഹാരീസ്. പാർട്ടിയുടെ കല്പറ്റ നിയോജക മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സുപ്രീം കോടതിയുടെ പരിഗണനയിലുള്ള ബാബറി മസ്ജിദ് വിഷയം ഇപ്പോൾ സംഘപരിവാർ ഉയർത്തിക്കൊണ്ടുവരുന്നത് വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ്.
ബി.ജെ.പി.യുടെ ഭരണത്തിനു കീഴിൽ രാജ്യം വലിയ വെല്ലുവിളിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. നരേന്ദ്ര മോദി വീണ്ടും അധികാരത്തിൽവന്നാൽ രാജ്യത്തിന്റെ അവസ്ഥ എന്തായിത്തീരുമെന്ന് പറയാൻ സാധിക്കില്ല. രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ കൂപ്പുകുത്തുമ്പോഴാണ് പ്രതിമകൾക്കായി കോടികൾ ചെലവഴിക്കുന്നത്. ശബരിമല വിഷയത്തിൽ ബി.ജെ.പി.യും കോൺഗ്രസും രാഷ്ട്രീയം കളിക്കുകയാണ്. സംഘപരിവാറിന്റെ സമരങ്ങളിൽ പങ്കെടുക്കാൻ കോൺഗ്രസ് ആഹ്വാനം ചെയ്യുകയാണ്. ഇവിടെ കോൺഗ്രസ്സും ബി.ജെ.പി.യും ഏതാണെന്ന് തിരിച്ചറിയാനാവാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.
നിയോജക മണ്ഡലം പ്രസിഡന്റ് ഡി. രാജൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് വി.പി. വർക്കി, എൻ.ഒ. ദേവസി, യു.എ. ഖാദർ, ഇ.ആർ. സന്തോഷ് കുമാർ, കെ.എസ്. ബാബു, കെ.എ. സ്‌കറിയ, ഷംസുദ്ദീൻ അരപ്പറ്റ, എൻ.കെ. ജ്യോതീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.