കോഴിക്കോട്: സംസാരിക്കാനും മൗനമായിരിക്കാനുമുള്ള സ്വാതന്ത്ര്യത്തെ മന്ത്രം പ്രതിനിധാനം ചെയ്യുന്നുവെന്നുവെന്ന് എെ.എെ.എം കോഴിക്കോട് ഡയറക്ടര്‍ പ്രൊഫ. ദേബാശിഷ് ചാറ്റര്‍ജി പ്രസ്താവിച്ചു. പ്രശസ്ത വേദപണ്ഡിതന്‍ ആചാര്യശ്രീ രാജേഷ് ഇംഗ്ലീഷ് ഭാഷയില്‍ രചിച്ച ' ദി സീക്രട്ട് ഓഫ് മന്ത്ര' എന്ന ഗ്രന്ഥത്തിന്റെ പ്രകാശനകര്‍മം കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ കക്കോടി ഒറ്റത്തെങ്ങിലുള്ള വേദമഹാമന്ദിരത്തില്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആചാര്യശ്രീ രാജേഷിന്റെ ഗ്രന്ഥം മന്ത്രത്തിന്റെയും മന്ത്രസാധനയുടെയും അറിയപ്പെടാത്ത ഉള്ളറകളിലേക്ക് വായനക്കാരെ നയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പ്രശസ്ത എഴുത്തുകാരനും നിരൂപകനുമായ ആഷാമേനോന്‍ ആദ്യപ്രതി ഏറ്റുവാങ്ങി. ഗ്രന്ഥകാരന്‍ ആചാര്യശ്രീ രാജേഷ് മറുപടി പറഞ്ഞു. കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണറായ ഒ. പ്രദീപ് വൈദിക്ക് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ആചാര്യ പത്നി മീര. കെ. രാജേഷ്, അജിത്ത് ആര്യ എന്നിവരുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. ചടങ്ങില്‍ റിട്ട. ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ്, പി. പി. ഉണ്ണികൃഷ്ണന്‍ വൈദിക് സ്വാഗതവും സെന്‍ട്രല്‍ ടാക്സ് ആന്റ് കസ്റ്റംസ് സൂപ്രണ്ട് പി.ജി. വിനയകുമാര്‍ നന്ദിയും പറഞ്ഞു.