ചെന്നൈ സിറ്റി എഫ്.സി 3- 2 ന് ജയിച്ചു, പോയന്റ് പട്ടികയിൽ ഒന്നാമത്
കോഴിക്കോട്: സ്പാനിഷ് കരുത്തിൽ മുന്നേറുന്ന ചെന്നൈ സിറ്റി എഫ്.സിയ്ക്ക് മുമ്പിൽ സ്വന്തം മൈതാനത്ത് ഗോകുലം കേരള എഫ്.സിയ്ക്ക് കാലിടറി. കോഴിക്കോട് കോർപ്പറേഷൻ ഇ.എം.എസ് സ്റ്റേഡിയത്തിൽ നടന്ന ഐ. ലീഗ് മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ചെന്നൈയുടെ ജയം. ഇതോടെ മൂന്ന് കളികളിൽ നിന്ന് ഏഴുപോയന്റുമായി ചെന്നൈ ഐ. ലീഗ് പോയന്റ് പട്ടികയിൽ ഈസ്റ്റ് ബംഗാളിനെ മറികടന്ന് ഒന്നാമതെത്തി. മൂന്ന് കളികളിൽ രണ്ട് സമനിലയും ഒരു തോൽവിയും വഴങ്ങിയ ഗോകുലം ആറാമതാണ്.
നാലാം മിനിട്ടിൽ തന്നെ മുന്നിലെത്തിയ ഗോകുലത്തിന് പിന്നീട് മേൽക്കോയ്മ നിലനിറുത്താൻ ആയില്ല. 22, 31, 68 മിനിട്ടുകളിൽ ചെന്നൈ സിറ്റി ഗോകുലത്തിന്റെ വലകുലുക്കി. 69ാം മിനിട്ടിൽ വി.വി. സുഹൈർ ഗോകുലത്തിന്റെ ആശ്വാസ ഗോൾ കണ്ടെത്തി. അർജുൻ ജയരാജിനെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി ഗോളാക്കിയ അന്റോണിയോ ജർമൻ നാലാം മിനിട്ടിൽ തന്നെ ലീഡ് സമ്മാനിച്ചു.
പിന്നിലായ ശേഷം ഗോകുലത്തിന്റെ പോസ്റ്റിലേക്ക് നിരന്തരം ആക്രമണം അഴിച്ചുവിട്ട ചെന്നൈ നിരവധി തവണ ഗോളിന് അടുത്തുവരെയെത്തി. ഷിബിൻരാജിന്റെ രക്ഷപ്പെടുത്തലുകളാണ് ഗോകുലത്തെ കാത്തത്. എന്നാൽ 22ാം മിനിട്ടിൽ പ്രവിട്ടോ രാജു സമനില ഗോൾ കണ്ടെത്തി. റീബൗണ്ടായി കാലിലേക്കെത്തിയ ബാൾ രാജു കൃത്യമായി വലയിലെത്തിച്ചു.
31 ാം മിനിട്ടിൽ നായകൻ കൂടിയായ സ്പാനിഷ് താരം പെഡ്രോ സേവിയർ മികച്ച ഗോളിലൂടെ ചെന്നൈയ്ക്ക് ലീഡ് സമ്മാനിച്ചു. ഗോകുലത്തിന്റെ രണ്ട് പ്രതിരോധ നിര താരങ്ങളെയും ഗോളിയേയും മറികടന്ന് സേവിയർ ബോൾ വലയിലേക്ക് തട്ടിയിട്ടു.
68 മിനിട്ടിൽ ഗോകുലത്തിന്റെ ആരാധകരെ നിരാശരാക്കി അമീറുദ്ദീനിലൂടെ ചെന്നൈ മൂന്നാം ഗോൾ നേടി. തൊട്ടടുത്ത മിനിട്ടിൽ വി.പി സുഹൈർ മനോഹരമായ ഷോട്ടിലൂടെ ഗോകുലത്തിന് രണ്ടാം ഗോൾ സമ്മാനിച്ചു. ബോക്സിന് പുറത്തു നിന്ന് സുഹൈർ തൊടുത്ത ഷോട്ട് ചെന്നൈ ഗോളിയെ കീഴ്പ്പെടുത്തി വലിയിലേക്ക് തുളച്ചു കയറി.
രണ്ടാം പകുതിയിൽ മെച്ചപ്പെട്ട കളി പുറത്തെടുത്തെങ്കിലും പ്രതിരോധ നിരയിലെ വിള്ലലുകളാണ് ഗോകുലത്തിന്റെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചത്.ചെന്നൈയുടെ അജിത്ത് കുമാർ കാമരാജാണ് കളിയിലെ താരം . റോബർട്ടോ, സാൻഡ്രോ, പെഡ്രോ സേവിയർ എന്നീ മൂന്ന് സ്പാനിഷ് താരങ്ങളെ അണിനിരത്തിയാണ് ചെന്നൈ കളത്തിലിറങ്ങിയത്.