q1
പുസ്തകയാത്ര എം.ഐ.യു.പി സ്​കൂൾ ഗ്രൗണ്ടിൽ ഡോ. ഡി. സചിത്ത് ഫ്‌ളാഗ് ഒഫ് ചെയ്യുന്നു

കുറ്റ്യാടി: ക്ലാസ് മുറികളിൽ വായനാവസന്തം തീർക്കാൻ എം.ഐ.യു.പി സ്​കൂൾ വിദ്യാർഥികളും പി.ടി.എയും ഒരുക്കിയ പുസ്തകയാത്രയ്ക്ക് ഉജ്ജ്വല തുടക്കം. സ്‌കൂൾ ഗ്രൗണ്ടിൽ ഡോ. ഡി. സചിത്ത് ഫ്‌ളാഗ് ഒഫ് ചെയ്തു. ആദ്യദിനം ചെറിയകുമ്പളം, പാറക്കടവ്, പാലേരി, കുളങ്ങരത്താഴ, നരിക്കൂട്ടുംചാൽ, പട്ടർക്കുളങ്ങര, ദേവർകോവിൽ എന്നിവിടങ്ങളിലെ സ്വീകരണത്തി​ന് ശേഷം അടുക്കത്ത് സമാപിച്ചു. സ്ഥാപനങ്ങളും സംഘടനകളും വ്യക്തികളും നേരിട്ടെത്തി പുസ്തകങ്ങൾ സംഭാവന ചെയ്യുന്നു.

ബാൻഡ് സംഘം, സ്‌കൗട്ട്, ജെആർസി, പിടിഎ, എസ്എസ്ജി എന്നിവ യാത്രയെ അനുഗമിക്കുന്നുണ്ട്. മനോഹര ദൃശ്യാവിഷ്‌ക്കാരമായ കഥയാട്ടവും വിവിധ കലാപരിപാടികളും യാത്രയ്ക്കു മിഴിവേകുന്നു. പുസ്തകം കൊണ്ടുവരാത്തവർക്ക് ജാഥയ്‌ക്കൊപ്പം സഞ്ചരിക്കുന്ന ടി.ബി.എസ് ബുക്സ്റ്റാളിന്റെ വാഹനത്തിൽനിന്നും വാങ്ങി വിദ്യാർത്ഥികൾക്ക് കൈമാറാനുള്ള സൗകര്യവുമുണ്ട്.

ഉദ്ഘാടന ചടങ്ങിൽ ഹെഡ്മാസ്റ്റർ ഇ. അഷറഫ് അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് സി.എച്ച് ഷരീഫ്, വൈ. പ്രസിഡന്റ് കെ.പി റഷീദ്, യാത്രാ കോഡിനേറ്റർ ജമാൽ കുറ്റിയാടി, കൺവീനർ നാസർ തയ്യുള്ളതിൽ, എംപിടിഎ പ്രസിഡന്റ് കെ.കെ അഖില, സ്റ്റാഫ് സെക്രട്ടറി വി.സി കുഞ്ഞബ്ദുല്ല, എൻ.പി ശക്കീർ, അനുപം ജെയ്‌സ്, എം. ഷഫീഖ്, പി. സാജിദ്, ഇന്ദുലേഖ, ടി.കെ.എം സുബൈർ, എ. ഷരീഫ്, വി.കെ റഫീഖ്, കെ. അൻവർ, പ്രമോദ് കുമാർ, കണ്ണോത്ത് സലാം, ടി. ദിനേശൻ, പ്രദീപൻ നവരക്കോട്, ജമാൽ പോതുകുനി, എൻ.പി സൈഫുല്ല തുടങ്ങിയവർ പങ്കെടുത്തു.

യാത്ര ചൊവ്വാഴ്ച തുടരും. രാവിലെ 9ന് തളീക്കരയിൽനിന്ന് ആരംഭിച്ച് കള്ളാട് 10., ഊരത്ത് 11., വടയം 12., വട്ടക്കണ്ടിപ്പാറ 2., വേളം കേളോത്ത്മുക്ക് 3 എന്നീ സ്ഥലങ്ങൾ സന്ദർശിച്ച ശേഷം 4.15ന് കുറ്റിയാടിയിൽ സമാപിക്കും.

ക്ലാസ് ലൈബ്രറികൾ

പൊതുവിദ്യാഭ്യാസ ശാക്തീകരണത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് ആവിഷ്​കരിച്ച പദ്ധതിയാണ് ക്ലാസ് ലൈബ്രറികൾ. വടകര വിദ്യാഭ്യാസ ജില്ലയിലാണ് ഇത് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്നത്. ക്ലാസ് ലൈബ്രറികൾ ഒരുക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം പരമാവധി പൊലിമയോടെ നെഞ്ചേറ്റുകയായിരുന്നു കുറ്റിയാടി എംഐയുപി സ്​കൂൾ വിദ്യാർഥികളും അദ്ധ്യാപകരും പിടിഎയും എസ്എസ് ജിയും. 33 ക്ലാസുകളുള്ള വിദ്യാലയത്തിൽ എല്ലാ ക്ലാസുകളിലും പുസ്തകം ശേഖരിക്കാനായി ഷെൽഫുകൾ രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെവാങ്ങി.