കൽപ്പറ്റ:ഓട്ടോ-ടാക്സി നിരക്ക് വർദ്ധനവ് ആവശ്യപ്പെട്ടുകൊണ്ട് സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തി. സംസ്ഥാന വ്യപകമായി നടക്കുന്ന സമരത്തിന്റെ ഭാഗമായാണ് ഓട്ടോ-ടാക്സി തൊഴിലാളികൾ സമരം സംഘടിപ്പിച്ചത്. പെട്രോൾ ഡീസൽ വില തോന്നിയ പോലെ വർദ്ധിപ്പിക്കുന്ന കേന്ദ്രസർക്കാർ നിലപാട് മോട്ടോർ മേഖല വലിയ തകർച്ച നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ അവസരത്തിൽ ചാർജ്ജ് വർദ്ധിപ്പിക്കാതെ ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ കഴിയാത്ത അവസ്ഥയിലാണ് തൊഴിലാളികൾ. മോട്ടോർ മേഖലയിലെ ചാർജ്ജ് അടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ മുന്നോട്ട് വെച്ച ശുപാർശകൾ അടിയന്തിരമായി സർക്കാർ അംഗീകരിക്കണം. 2014-ന് ശേഷം പെട്രോൾ,ഡീസൽ വില ഇരട്ടിയായിട്ടും ചാർജ്ജ് വർദ്ധിപ്പിക്കാൻ ഇതുവരെ തയ്യാറായിട്ടില്ല. കളക്ട്രേറ്റ് മാർച്ചും ധർണയും ഐ.എൻ.ടി.യു.സി.ജില്ലാ പ്രസിഡന്റ് പി.പി.ആലി ഉദ്ഘാടനം ചെയ്തു. ടി.മണി അദ്ധ്യക്ഷത വഹിച്ചു. ഓട്ടോ ടാക്സി യൂണിയൻ ജില്ലാ സെക്രട്ടറി കെ.സുഗതൻ, ഗിരീഷ് കൽപ്പറ്റ,സാംപി മാത്യു,പി.മുസ്തപ (എസ്.ടി.യു)സഹദേവൻ മേപ്പാടി, ഐ.എൻ.ടി.യു.സി പടയൻ ഇബ്രാഹിം, രാമചന്ദ്രൻ, റിയാസ് കണിയാമ്പറ്റ,റഫീഖ് കൽപ്പറ്റ, ഷമീർ ഒടുവിൽ, പി.എം.സന്തോഷ് കുമാർ, സാലി റാട്ടക്കൊല്ലി എന്നിവർ സംസാരിച്ചു.