cks
ദേശീയ ആയുർവേദ ദിനാചരണം സി.കെ. ശശീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ദേശീയ ആയുർവേദ ദിനാചരണം നടത്തി

കൽപ്പറ്റ: 'പൊതുജനാരോഗ്യം ആയുർവേദത്തിലൂടെ' എന്ന വിഷയത്തെ അടിസ്ഥാനമാക്കി മൂന്നാമത് ദേശീയ ആയുർവേദ ദിനാചരണം നടത്തി. കളക്ട്രേറ്റിലെ എ.പി.ജെ അബ്ദുൾ കലാം മെമ്മോറിയൽ ഹാളിൽ സി.കെ ശശീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ആയുർവേദം ഓരോരുത്തരുടെയും ജീവിതത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഗർഭിണികൾക്കും കുട്ടികൾക്കും വൃദ്ധർക്കുമായി ആയുർവേദ വകുപ്പ് ആവിഷ്‌കരിച്ചു നടപ്പാക്കുന്ന വിവിധ പദ്ധതികൾ ഏറെ പ്രയോജനപ്രദമാണ്. പ്രളയകാലത്ത് വകുപ്പ് നടത്തിയ പ്രവർത്തനങ്ങളെ എം.എൽ.എ പ്രശംസിച്ചു. ഇതിൽ പ്രധാനമാണ് ധൂമരഥ പ്രയാണം. ഇതു പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്നതു തടഞ്ഞുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാർ, സിഡിഎസ് ചെയർപേഴ്സൺ, തിരഞ്ഞെടുക്കപ്പെട്ട ആശാവർക്കർമാർ എന്നിവരെ ഉൾപ്പെടുത്തി ശിൽപശാല സംഘടിപ്പിച്ചു. നാഷനൽ ആയുഷ് മിഷന്റെ നേതൃത്വത്തിൽ ഭാരതീയ ചികിൽസാവകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന 'ആയുഷ് ഗ്രാമം' പദ്ധതിയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടത്തി. ചടങ്ങിൽ ഭാരതീയ ചികിൽസാ വകുപ്പ് പ്രളയാനന്തര കർമപരിപാടിയായ 'ഒപ്പമുണ്ട് ആയുർവേദം' പദ്ധതിയുടെ പ്രവർത്തന റിപോർട്ട് ചടങ്ങിൽ എംഎൽഎ പ്രകാശനം ചെയ്തു. കലക്ടറേറ്റ് ജീവനക്കാർക്കും പൊതുജനങ്ങൾക്കുമായി കലക്ടറേറ്റിൽ ആയുർവേദ മെഡിക്കൽ ക്യാംപും നടത്തി. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ എ ദേവകി ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ അദ്ധ്യക്ഷത വഹിച്ചു. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ തമ്പി, എ.ഡി.എം കെ.അജീഷ്, ഡി.എം.ഒ ഡോ. ഇ എസ് സോണിയ, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഡോ. കെ.പി വിനോദ് ബാബു, കൽപ്പറ്റ ഗവ. ആശുപത്രി ചീഫ് മെഡിക്കൽ ഓഫിസർ എ പ്രീത തുടങ്ങിയവർ സംസാരിച്ചു.