കോഴിക്കോട്: ശബരിമല വിഷയത്തിൽ ഭക്തരെ മുൻനിർത്തി ബിജെപി തയ്യാറാക്കിയ ഗൂഢപദ്ധതിയാണ് ശ്രീധരൻപിള്ളയുടെ വെളിപ്പെടുത്തലിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് എ.ഐ.വൈ എഫ്. കുററപ്പെടുത്തി. കേരളത്തെ കലാപഭൂമിയാക്കാൻ ആഹ്വാനം ചെയ്ത ശ്രീധരൻ പിള്ളയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് പ്രവർത്തകർ കോഴിക്കോട് നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി.നഗരം ചുറ്റി പുതിയ ബസ്റ്റാന്റ് പരിസരത്ത് ചേർന്ന പ്രതിഷേധയോഗം എ.ഐ.വൈ.എഫ്. സംസ്ഥാന ജോ.സെക്രട്ടറി അഡ്വ. പി.ഗവാസ് ഉദ്ഘാടനം ചെയ്തു. നാടിന്‍റെ സമാധാനാന്തരീക്ഷം തകർക്കാനുള്ള ഗൂഢാലോചനയാണ് ശ്രീധരൻ പിള്ളയും ബിജെപി നേതൃത്വവും നടത്തിയതെന്ന് പി. ഗവാസ് പറഞ്ഞു. ശബരിമല വിഷയത്തിൽ ബിജെപിയുടെത് രാഷ്ട്രീയ ലക്ഷ്യം മാത്രമാണെന്ന് എല്ലാവരും തിരിച്ചറിയണം. ബിജെപിക്ക് ലഭിച്ച സുവർണാവസരം എന്നാണ് ശ്രീധരൻപിള്ള ശബരിമല വിഷയത്തെ വിശേഷിപ്പിച്ചത്. ഇതിന്‍റെ പൊരുൾ ശബരിമല വിഷയത്തിൽ ബിജെപിക്ക് പിന്നിൽ അണിനിരന്നിട്ടുള്ള എല്ലാവരും മനസ്സിലാക്കണം. ഭക്തരെ മുൻനിർത്തി ബിജെപി നടത്തുന്ന ഈ നീക്കങ്ങളുടെ ലക്ഷ്യം തിരിച്ചറിഞ്ഞ് കേരളീയസമൂഹം ജാഗ്രതയോടെ പ്രതിരോധിക്കണമെന്നും ഗവാസ് ആവശ്യപ്പെട്ടു. ജില്ലാ ജോയൻറ് സെക്രട്ടി അഡ്വ കെ.പി. ബിനൂപ് അദ്ധ്യക്ഷത വഹിച്ചു. അഷറഫ് കുരുവട്ടൂർ, സി.കെ.ബിജിത്ത് ലാൽ, റിയാസ് അഹമ്മദ്, അനു കൊമ്മേരി, കെ. സുജിത്ത്, എൻ.പി. ഷൗക്കത്ത് എന്നിവർ പ്രസംഗിച്ചു.