pinarayi-vijayan

കോഴിക്കോട്:ശബരിമല സമരം കഴിയുമ്പോൾ ബി.ജെ.പിയും ഇടതു പക്ഷ മുന്നണിയും മാത്രമേ ബാക്കിയുണ്ടാവൂ എന്ന് ശ്രീധരൻ പിള്ള പറഞ്ഞപ്പോൾ ആ പൂതി മനസിലിരിക്കട്ടെയെന്ന് പറയാൻ ഒരു കോൺഗ്രസ് നേതാവിനുമായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ശബരിമല പ്രശ്നത്തിൽ ഇടത് മുന്നണി ജില്ലാ കമ്മിറ്റി മുതലക്കുളം മൈതാനിയിൽ സംഘടിപ്പിച്ച റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ശബരിമല വിഷയത്തിൽ ആർ. എസ്. എസ് ബോധപൂർവം നുണ പ്രചരിപ്പിക്കുകയാണ്. കേസിൽ സുപ്രീം കോടതി സത്യവാങ്‌മൂലം സമർപ്പിക്കാൻ ആവശ്യപ്പെട്ടപ്പോൾ അന്നത്തെ ഇടത് മുന്നണി സർക്കാർ ആരാധനയുടെ കാര്യത്തിൽ പുരുഷനോടൊപ്പം സ്ത്രീകൾക്കും അവകാശമുണ്ടെന്നും എന്നാൽ, വിശ്വാസത്തിന്റെ പ്രശ്നമായതിനാൽ മതപണ്ഡിതന്മാരുടെ അഭിപ്രായം തേടുന്നത് നല്ലതാണെന്നും വ്യക്തമാക്കിയിരുന്നു.

കോടതി വിധി എന്തായാലും നടപ്പാക്കുവാൻ തയ്യാറാണെന്നും വ്യക്തമാക്കിയിരുന്നു.ഇതിൽ സർക്കാർ ചെയ്ത തെറ്റ് എന്താണ്? വിധി വന്നപ്പോൾ ആർ.എസ് എസും കോൺഗ്രസ് ദേശീയ നേതൃത്വവും സ്വാഗതം ചെയ്തിരുന്നു.പിന്നീടാണ് മാറിയത് .ഇവരുടെ ലക്ഷ്യം ആചാര സംരക്ഷണമല്ല, കലാപമാണ്. കലാപത്തിലൂടെ അടിത്തറ വികസിപ്പിക്കാനാണ് ശ്രമമെന്നും

മുഖ്യമന്ത്രി പറഞ്ഞു.

സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ നേതാവ് ബിനോയ് വിശ്വം എം.പി, എം. പി വീരേന്ദ്രകുമാർ എം. പി, മന്ത്രി മാത്യു ടി തോമസ്, തൊഴിൽ മന്ത്രി ടി. പി രാമകൃഷ്ണൻ, ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ, ബാബു ഗോപിനാഥ്, അബ്ദുൾ അസീസ്, പി.ടി എ റഹീം എം.എൽ.എ, നജീബ് പാലക്കണ്ടി തുടങ്ങിയവർ പ്രസംഗിച്ചു.