മാനന്തവാടി: വെള്ളമുണ്ട പഞ്ചായത്തിലെ കൊച്ചാറക്കാവ് കൊച്ചാറ തീനായി, മകൻ പ്രമോദ്, ബന്ധു പ്രസാദ് എന്നിവർ വിഷമദ്യം കഴിച്ച് മരിച്ച സംഭവത്തിൽ അന്വേഷണം എസ്.എം.എസ് ഡിവൈ.എസ്.പി അട്ടിമറിച്ചുവെന്നും അന്വേഷണം ക്രൈംബ്രാഞ്ചിനെ എൽപ്പിക്കണമെന്നും മദ്യം കഴിച്ച് മരിച്ചവരുടെ ബന്ധുക്കൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ഒക്ടോബർ മൂന്നാം തിയ്യതിയാണ് മാനന്തവാടിയിൽ താമസിക്കുന്ന വെള്ളമുണ്ട മരക്കാട്ട്കുന്നിൽ വീട്ടിൽ സജിത്ത് തീനായിക്ക് വീട്ടിൽ മദ്യം എത്തിച്ചുകൊടുത്തത്. മദ്യം കഴിച്ച തീനായി കുഴഞ്ഞ് വീഴുകയും സജിത്ത് തന്നെ കാറിൽ തീനായിയെ മാനന്തവാടി ജില്ലാ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ജില്ലാ ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് തന്നെ തീനായി മരിച്ചിരുന്നു. മൃതദേഹം സജിത്ത് തന്റെ കാറിൽ തന്നെ വെള്ളമുണ്ട കൊച്ചാറകാവ്കുന്നിലെ വീട്ടിൽ എത്തിച്ച ശേഷം പിന്നീട് വരാമെന്ന് പറഞ്ഞ് പോവുകയായിരുന്നുവെന്നും ബന്ധുകൾ പറഞ്ഞു.

തീനായി മദ്യം കഴിച്ച കാര്യം സജിത്ത് പറഞ്ഞിരുന്നെങ്കിൽ പ്രമോദിന്റെയും പ്രസാദിന്റെ ജീവൻ രക്ഷപ്പെടുമായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. വെള്ളമുണ്ട പൊലിസ് അന്വേഷണം നടത്തിയ ആദ്യഘട്ടത്തിൽ എഫ്.ഐ.ആറിൽ സജിത്ത് പ്രതിയായിരുന്നു. സജിത്തിനെ വാഹനം ഉൾപ്പെടെ കസ്റ്റഡിയിലെടുത്ത് നിരിക്ഷണത്തിൽ വെയ്ക്കുകയും ചെയ്തു. എന്നാൽ കേസ് എസ്.എം.എസിന് കൈമാറിയപ്പോൾ സജിത്തിനെ പ്രതി പട്ടികയിൽ നിന്നൊഴിവാക്കി.

സജിത്തിനെ ഒഴിവാക്കി സജിത്തിന് മദ്യം നൽകിയ സന്തോഷിനെ മാത്രം പ്രതിയാക്കിയതിൽ അസ്വഭാവികതയുണ്ടെന്ന് ബന്ധുകൾ പറയുന്നു. മുമ്പ് സജിത്തിന്റെ പേര് എഴുതിവെച്ച് യുവാവ് ആത്മഹത്യ ചെയ്ത കേസ് മാനന്തവാടിയിലുണ്ട്. ഇതിലും അന്വേഷണം വേണമെന്നും ക്രൈംബ്രാഞ്ചിനെ അന്വേഷണം എൽപ്പിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയതാവും ക്രൈംബ്രാഞ്ചിന് കേസ് കൈമാറിയില്ലങ്കിൽ കോടതിയെ സമീപിക്കുമെന്നും അവർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ കെ.ടി.ശാരദ, കെ.കല്യാണി, കെ.ടി.രാജു, പി.ജി.സുഗേഷ് എന്നിവർ പങ്കെടുത്തു.