കോഴിക്കോട്:ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ജനറൽ മാനേജരായി മന്ത്രി കെ. ടി. ജലീലിന്റെ പിതൃസഹോദരന്റെ മകന്റെ മകൻ കെ.ടി. അദീബിനെ നിയമിച്ചത് വഴിവിട്ടാണെന്ന ആക്ഷേപം ബലപ്പെടുത്തുന്ന പുതിയ വെളിപ്പെടുത്തലുകൾ പുറത്തുവന്നു.
ഏഴ് അപേക്ഷകരിൽ അഞ്ച് പേർക്കും എം.ബി.എ യോഗ്യതയും പ്രവൃത്തി പരിചയവും ഉണ്ടെന്നതിന്റെ രേഖകളാണ് പുറത്തുവന്നത്.
അദീബിനെ കൂടാതെ പി. മോഹനൻ, വി.എച്ച്. റിജാസ് ഹരിത്ത്, സഹീർ കാലടി, അനസ്, സാജിദ് മുഹമ്മദ്, വി. ബാബു, എന്നിവരാണ് അപേക്ഷ നൽകിയിരുന്നത്. ഇതോടെ അപേക്ഷിച്ചവരിൽ മറ്റാർക്കും നിശ്ചിത യോഗ്യതയില്ലായിരുന്നുവെന്ന മന്ത്രിയുടെ വാദം പൊളിയുകയാണ്.
ഇന്റർവ്യൂവിൽ പങ്കെടുത്ത പി. മോഹനൻ എസ്.ബി.ഐ യിലെ റീജിയണൽ മാനേജരും വി.എച്ച്. റിജാസ് ഹരിത്ത് കെ.എസ്.എം.ഡി.എഫ്.സി ഡെപ്യൂട്ടി മാനേജരും ആണ്. സഹീർ കാലടി പതിനൊന്ന് വർഷത്തെ പ്രവൃത്തി പരിചയം ഉള്ള പൊതുമേഖലാ സ്ഥാപനമായ മാൽക്കോ ടെക്‌സിലെ മാനേജർ ആണ്. വി. ബാബു ധനകാര്യ വകുപ്പിൽ അണ്ടർ സെക്രട്ടറിയായിരുന്നു. ഇവരെയെല്ലാം തഴഞ്ഞാണ് അദീബ് നിയമിതനായതെന്നാണ് പറയുന്നത്. പി. മോഹനന് മൂന്ന് വർഷത്തേയും സാജിദിനും അനസിനും അഞ്ച് വർഷത്തെയും പ്രവൃത്തി പരിചയമുണ്ട്.
രാജി വരെ പ്രക്ഷോഭം : പി.കെ ഫിറോസ്
കൂടുതൽ തെളിവുകൾ പുറത്ത് വന്നതോടെ രാജിയല്ലാതെ മന്ത്രിക്ക് വഴികൾ ഇല്ലെന്നും രാജി വരെ പ്രക്ഷോഭം ശക്തമാക്കുമെന്നും യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് പി.കെ. ഫിറോസ് പറഞ്ഞു. ധനകാര്യ വകുപ്പിലെ അണ്ടർ സെക്രട്ടറിയായിരുന്ന ആളെ ഉൾപ്പെടെ തഴഞ്ഞാണ് എം.ബി.എ പോലും ഇല്ലാത്ത അദീബിനെ നിയമിച്ചത്. ആവശ്യമായ എം.ബി.എക്കാർ ഇല്ലാത്തതിനാലാണ് ബി. ടെക് കൂടി യോഗ്യതയായി ചേർത്തതെന്ന മന്ത്രിയുടെ വാദവും ശുദ്ധനുണയാണ്. ഏഴിൽ അഞ്ച് പേരും എം.ബി.എക്കാരാണെന്നിരിക്കെ ബി. ടെക് കൂടി യോഗ്യതയായി ചേർത്തത് മന്ത്രി ബന്ധുവിനെ നിയമിക്കാനാണെന്ന് വ്യക്തമാണ്.
രേഖകൾ പരിശോധിക്കുന്നതിനിടെ മാനേജിംഗ് ഡയറക്ടർക്ക് 'മുകളിൽ' നിന്ന് വിളി വന്നതിനാൽ നിയമനവുമായി ബന്ധപ്പെട്ട മറ്റ് രേഖകൾ പരിശോധിക്കുന്നതിന് മാനേജിംഗ് ഡയറക്ടർ അനുമതി നിഷേധിക്കുകയായിരുന്നു. മറ്റ് രേഖകൾ എല്ലാം മന്ത്രിയുടെ ഓഫീസിലേക്ക് കൊണ്ട് പോയെന്നാണ് എം.ഡി പറഞ്ഞത്. രേഖകളിൽ കൃത്രിമം നടത്താനോ നശിപ്പിക്കാനോ ആണ് മന്ത്രി ശ്രമിക്കുന്നതെന്ന് സംശയിക്കുന്നതായും ഫിറോസ് ആരോപിച്ചു.
യൂത്ത്‌ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് സാജിദ് നടുവണ്ണൂർ, ജനറൽ സെക്രട്ടറി കെ.കെ നവാസ് എന്നിവർ ഫിറോസിനൊപ്പം ഉണ്ടായിരുന്നു.