വീടുകൾ 400-450 സ്‌ക്വയര്‍ ഫീറ്റിൽ
സര്‍ക്കാര്‍ സഹായം 4 ലക്ഷം രൂപ
സ്വന്തമായി നിര്‍മ്മിക്കുന്നതും സര്‍ക്കാര്‍ പ്ലാന്‍ പ്രകാരം
ശാസ്ത്രീയവും ചെലവ് കുറഞ്ഞതുമായ നിര്‍മാണ രീതി
14 നകം സ്ഥലത്തിന്റെ സ്‌കെച്ച് ഹാജരാക്കണം.
അദാലത്ത് വഴി പ്ലാനിന് അംഗീകാരം നല്‍കും
ജില്ലയില്‍ തകർന്നത് 500ല്‍ അധികം വീടുകൾ
കോഴിക്കോട്: ഈ മാസം 30 നകം പ്രളയബാധിത പ്രദേശങ്ങളിലെ തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മ്മാണത്തിനുള്ള പ്ലാനിന് അംഗീകാരം നല്‍കും. അടുത്ത വര്‍ഷം ഏപ്രില്‍ മാസത്തോടെ മുഴുവന്‍ വീടുകളുടെയും നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ജില്ലാ കളക്ടർ അറിയിച്ചു. 400-450 സ്‌ക്വയര്‍ ഫീറ്റിലുള്ള വീടുകളാണ് നിര്‍മ്മിക്കുക. സര്‍ക്കാര്‍ സഹായമായ 4 ലക്ഷം രൂപ ഉപയോഗപ്പെടുത്തി സ്വന്തമായി വീട് നിര്‍മ്മിക്കാന്‍ സാധിക്കുന്നവര്‍ ഇതു സംബന്ധിച്ച സമ്മതപത്രം ബന്ധപ്പെട്ട വില്ലേജ് ഓഫീസില്‍ സമര്‍പ്പിക്കണം. സര്‍ക്കാര്‍ പ്ലാന്‍ അനുസരിച്ചു വീട് ആവശ്യമുള്ളവര്‍ ഈ മാസം 14 ന് അകം വീട് പണിയാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ സര്‍വേ സ്‌കെച്ച് വില്ലേജ് ഓഫീസില്‍ ഹാജരാക്കണം. തുടർന്ന്16 ന് വടകര, കോഴിക്കോട് താലൂക്കിലും 17 ന് താമരശ്ശേരി, കൊയിലാണ്ടി താലൂക്കിലും ആര്‍ക്കിടെക്ട്, എൻജിനീയര്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ അതത് താലൂക്കിലെ അപേക്ഷകര്‍ക്കൊപ്പം ചര്‍ച്ച നടത്തും. അപേക്ഷകര്‍ സര്‍വേ സ്‌കെച്ചിന്റെ പകര്‍പ്പ് കൈവശം കരുതണം. എഞ്ചിനീയര്‍മാര്‍ സൈറ്റ് സന്ദര്‍ശിക്കും. ഈ മാസം 29 ന് വടകര, കോഴിക്കോട് താലൂക്കിലും 30 ന് കൊയിലാണ്ടി, താമരശ്ശേരി താലൂക്കിലും നടക്കുന്ന അദാലത്ത് വഴി പ്ലാനിന് അംഗീകാരം നല്‍കും.
Box item
ആവശ്യക്കാർ ചെയ്യേണ്ടത്
സ്ഥലവും വീടും നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിക്കാന്‍ ആവശ്യമായ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച വിവരങ്ങളറിയാന്‍ അതത് തഹസില്‍ദാരുമായി (ഭൂരേഖ) ബന്ധപ്പെടണം. പ്രളയത്തില്‍ പൂര്‍ണ്ണമായി തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ശില്പശാല സംഘടിപ്പിച്ചു. സിവില്‍ സ്റ്റേഷനിലെ ജില്ലാ ആസൂത്രണസമിതി ഹാളില്‍ നടന്ന ശില്‍പശാല ജില്ലാ കലക്ടര്‍ യു.വി ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ 500ല്‍ അധികം വീടുകളാണ് പ്രളയത്തില്‍ പൂര്‍ണ്ണമായും തകര്‍ന്നത്.
Box item
ഭവനനിര്‍മ്മാണ രീതികള്‍ പരിചയപ്പെടുത്തി
ദുരന്തത്തിന്റെ ഭാഗമായി പൂര്‍ണ്ണമായി തകര്‍ന്നാതായി കണ്ടെത്തിയ വീടുകള്‍ പുതുക്കി പണിയുന്നതിനായി വിവിധ ഭവനനിര്‍മ്മാണ രീതികള്‍ ശില്‍പ്പശാലയില്‍ പരിചയപ്പെടുത്തി. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ റവന്യൂവകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേര്‍ന്നാണ് തകര്‍ന്ന വീടുകളുടെ സാധ്യത ലിസ്റ്റ് തയ്യാറാക്കിയിട്ടുള്ളത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ച്ചര്‍, എന്‍ ഐ ടി, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി, റീജിനല്‍ ടൗണ്‍ പ്ലാനിംഗ് എന്നിവര്‍ ചേര്‍ന്ന് സുരക്ഷിതവും ദുരന്തപ്രതിരോധ ശേഷിയുമുള്ള ഭവനനിര്‍മ്മാണ രീതികള്‍ പരിചയപ്പെടുത്തി. ശാസ്ത്രീയവും സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ നിര്‍മാണ രീതികളും സാമഗ്രികളും ഉപയോഗിച്ചുള്ള നിര്‍മാണ രീതിയാണ് പരിചയപ്പെടുത്തിയത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ഡെപ്യൂട്ടി കലക്ടര്‍ (ദുരന്തനിവാരണം) എന്‍. റംല, ജില്ലാ ടൗണ്‍ പ്ലാനര്‍ അബ്ദുള്‍ മാലിക്, ഡോ. ഷിന്റോ പോള്‍ (യു.എല്‍.സി.സി.എസ്) എന്‍.ഐ.ടി സിവില്‍ എഞ്ചിനീയറിംഗ് എച്ച്.ഒ.ഡി ജെ. സുധാ കുമാര്‍, റീ ബില്‍ഡ് കേരള സ്റ്റേറ്റ് അംഗം റെസി ജോര്‍ജ്ജ്, ഐ.ഐ.എ പ്രതിനിധി പ്രശാന്ത്, റെന്‍സ്‌ഫെഡ് ജില്ലാ പ്രസിഡന്റ് വിജയകുമാര്‍, ലൈഫ് മിഷന്‍ ജില്ലോ കോര്‍ഡിനേറ്റര്‍ ജോര്‍ജ് ജോസഫ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ദുരന്തമേഖലയില്‍ വിശദ പഠനം നടത്തി തയ്യാറാക്കിയ ഭൂപടങ്ങളുടെയും ബദല്‍ നിര്‍മാണ രീതികളുടെയും പ്രദര്‍ശനവും ശില്പശാലയുടെ ഭാഗമായി സംഘടിപ്പിച്ചു. 500 പേർ പങ്കെടുത്തു.
quote
'' പ്രളയാനന്തര ഭവന നിര്‍മ്മാണ ധനസഹായത്തിന് അനര്‍ഹര്‍ക്ക് സേവനം ലഭ്യമാക്കില്ല. സാദ്ധ്യത ലിസ്റ്റില്‍ ഉള്‍പ്പെടുത്താത്ത അര്‍ഹരുടെ വിവരങ്ങള്‍ പരിശോധിച്ച് പരിഗണിക്കും"
-ജില്ലാ കലക്ടര്‍ യു.വി ജോസ്