കൽപ്പറ്റ: ക്ഷേത്രപ്രവേശന വിളംബരം 82-ാം വാർഷികാഘോഷം ജില്ലയിൽ നവംബർ 10 മുതൽ 12 വരെ വിവിധ പരിപാടികളോടെ സംഘടിപ്പിക്കും. നവംബർ 10 ന് വൈകിട്ട് 3 ന് കൽപ്പറ്റ പുതിയ ബസ്‌സ്റ്റാന്റ് പരിസരത്ത് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ കലക്ടർ എ.ആർ.അജയകുമാർ അറിയിച്ചു. സി.കെ.ശശീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. പ്രശസ്ത സാഹിത്യകാരൻ കെ.പി. രാമനുണ്ണി മുഖ്യപ്രഭാഷണം നടത്തും.
രാവിലെ 10 മുതൽ കൽപ്പറ്റ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് ചരിത്രപ്രദർശനം നടക്കും.പ്രദർശനം സി.കെ.ശശീന്ദ്രൻ എം.എൽ.എയും കൽപ്പറ്റ നഗരസഭ അദ്ധ്യക്ഷ സനിത ജഗദീഷും ചേർന്ന് ഉദ്ഘാടനം ചെയ്യും. തുടർന്ന് ബസ്‌സ്റ്റാൻഡ് പരിസരത്തെ കമ്പ്യൂട്ടർ സെന്റർ ഹാളിൽ വിദ്യാർത്ഥികൾക്കായി കവിത, ഉപന്യാസം, ചിത്രരചന മത്സരങ്ങൾ നടത്തും.
വൈകുന്നേരം മൂന്നു മണിക്ക് വാദ്യമേളങ്ങൾ, നവോത്ഥാന പ്രതീകങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഫ്‌ളോട്ടുകൾ എന്നിവയുടെ അകമ്പടിയോടെ നടക്കുന്ന ഘോഷയാത്ര നഗരസഭ പരിസരത്തു നിന്ന് ആരംഭിച്ച് കൽപ്പറ്റ പുതിയ ബസ്‌സ്റ്റാൻഡ് പരിസരത്ത് സമാപിക്കും.
തൃശ്ശിലേരി പി.കെ.കാളൻ സ്മാരക ഗോത്രകലാ പഠനകേന്ദ്രം അവതരിപ്പിക്കുന്ന ഗദ്ദിക, കൽപ്പറ്റ ഉണർവ്വ് നാടൻ പഠന കലാകേന്ദ്രം അവതരിപ്പിക്കുന്ന നാടൻ പാട്ട്,ദേശീയ മലയാള കലകാരൻമാരുടെ അസോസിയേഷൻ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ എന്നിവയും ഉണ്ടാകും. നവംബർ 11 ന് ഉച്ചയ്ക്ക് 3ന് വെള്ളമുണ്ട പബ്ളിക് ലൈബ്രറി ഹാളിൽ ക്ഷേത്രപ്രവേശന വിളംബര അനുസ്മരണവും നവോത്ഥാന സംഗമവും നടക്കും.12 ന് ഉച്ചയ്ക്ക് ഒന്നിന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ 'കേരളം അന്നും ഇന്നും" എന്ന വിഷയത്തിൽ ഡോ. സി.എസ് ചന്ദ്രിക പ്രഭാഷണം നടത്തും.
ഉദ്ഘാടന ചടങ്ങിൽ എം.ഐ. ഷാനവാസ് എം.പി, എം.എൽ.എ മാരായ ഐ.സി. ബാലകൃഷ്ണൻ, ഒ.ആർ.കേളു, ജില്ലാ കളക്ടർ എ.ആർ അജയകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ, കൽപ്പറ്റ മുനിസിപ്പൽ ചെയർപേഴ്സൺ സനിത ജഗദീഷ്, വൈസ് ചെയർമാൻ ആർ. രാധാകൃഷ്ണൻ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷ
തമ്പി, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാർ, ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് പി.എം. നാസർ,സ്റ്റേറ്റ് ആർക്കൈവ്സ് ഡയറക്ടർ ജെ. രജികുമാർ തുടങ്ങിയവർ സംബന്ധിക്കും.