x
അറസ്റ്റിലായ മണികണ്ഠനും വിഷ്ണുവും.

നാദാപുരം: വില്പനക്കായി കൊണ്ടുവന്ന രണ്ട് കിലോ 800 ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കളെ നാദാപുരം പൊലീസ് അറസ്റ്റു ചെയ്തു. പെരിങ്ങത്തൂര്‍ കായ്പനച്ചി സ്വദേശി പാറേക്കാട്ടില്‍ മണി കണ്ഠന്‍ (22) തൃശൂര്‍ കരിക്കാട് സ്വദേശി ഏറു കാട്ടില്‍ വിഷ്ണു (24) എന്നിവരാണ് അറസ്റ്റില്‍ ആയത്.ബുധനാഴ്ച ഉച്ചക്ക് രണ്ടര മണിയോടെ കല്ലാച്ചി പെട്രോള്‍ പമ്പിന് എതിര്‍ വശത്തെ വാണിയൂര്‍ റോഡില്‍ വെച്ചാണ് നാദാപുരം എസ്‌.ഐ എന്‍.പ്രജീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇവരെ കസ്റ്റഡിയില്‍ എടുത്തത്. മണികണ്ഠനില്‍ നിന്ന് 1.600 കി.ഗ്രാം. കഞ്ചാവും വിഷ്ണുവില്‍ നിന്ന് 1.200 കി.ഗ്രാം കഞ്ചാവുമാണ് കണ്ടെടുത്തത്. രണ്ട് പ്ലാസ്റ്റിക്ക് കവറുകളിലാക്കി സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് ഉണ്ടായിരുന്നത്.
കോഴിക്കോട് ജില്ലാ പൊലീസ് മേധാവി ജി. ജയദേവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ കെ.മജീദ്, എം.എം.സജീവന്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ വി.സദാനന്ദന്‍, എ.ബിജു എന്നിവരും ജില്ലാ ആന്റി നാര്‍ക്കോട്ടിക്ക് സെല്ലിലെ പൊലീസുകാരും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.
ആന്ധപ്രദേശില്‍ നിന്ന് ട്രെയിനില്‍ ആണ് കഞ്ചാവ് എത്തിച്ചതെന്നാണ് പ്രതികള്‍ പൊലീസില്‍ മൊഴി നല്‍കിയത്. കഴിഞ്ഞ ദിവസം താമരശ്ശേരി ഡി.വൈ.എസ്.പി .പി.ബിജു രാജിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്ത കായ പനിച്ചിയിലെ ഷൈജുവിന്റെ അടുത്ത ബന്ധുവാണ് അറസ്റ്റിലായ മണി കണ്ഠന്‍. നേരത്തേയും ഇയാളെ കഞ്ചാവ് കടത്തിക്കൊണ്ടു വന്ന കേസില്‍ റിമാന്റ് ചെയ്തിട്ടുണ്ട്.
നാദാപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ രണ്ടു പ്രതികളെയും 14 ദിവസത്തേക്ക് റിമാന്റ് ചെയതു.