കോഴിക്കോട്: ക്ഷേത്രപ്രവേശന വിളംബരം 82ാമത് വാർഷികാഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 10 മണിക്ക് ടൗൺഹാളിൽ തൊഴിൽ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ നിർവഹിക്കും. പുരാരേഖകളുടെ പ്രദർശനം ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നിർവഹിക്കും. മേയർ തോട്ടത്തിൽ രവീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സംഘാടക സമിതി ചെയർമാനുമായ ബാബു പറശേരി, എം.കെ രാഘവൻ എം.പി, ജില്ലയിലെ എം.എൽ.എമാർ, മറ്റു ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. ഉദ്ഘാടനത്തിന് ശേഷം 11.30ന് ഹൈസ്കൂൾ വിദ്യാർത്ഥികളുടെ ഉപന്യാസ രചനയും ഉച്ചയ്ക്ക് 2 മണിക്ക് ക്വിസ് മത്സരവും നടക്കും.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയോടനുബന്ധിച്ച് പുരാരേഖകളുടെ പ്രദർശനം, ഡോക്യുമെന്ററി പ്രദർശനം, പ്രമുഖർ പങ്കെടുക്കുന്ന പ്രഭാഷണങ്ങൾ, വിദ്യാർത്ഥികളുടെ രചന, ക്വിസ് മത്സരങ്ങൾ, നാടകം, കഥാപ്രസംഗം എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. നിയമ വിദഗ്ധൻ അഡ്വ ഹരീഷ് വാസുദേവൻ, സാമൂഹിക വിമർശകൻ കെ.ടി കുഞ്ഞിക്കണ്ണൻ എന്നിവരുടെ പ്രഭാഷണവും കോഴിക്കോട് നാടകഗ്രാമം ഒരുക്കുന്ന 'ജ്ജ് നല്ല മൻസൻ ആകാൻ നോക്ക്' എന്ന നാടകത്തിന്റെ അവതരണവും ഒന്നാം ദിവസം നടക്കും.