പുൽപ്പള്ളി: പുൽപ്പള്ളിയിൽ ചേർന്ന കടക്കെണിയിൽ പെട്ടവരുടെ കൺവെൻഷൻ കടക്കെണി വിരുദ്ധ സമിതി രൂപീകരിച്ചു. വയനാട്ടിൽ കർഷക ആത്മഹത്യകൾ പെരുകുന്ന സാഹചര്യത്തിൽ കടക്കെണിയിൽപ്പെട്ടിട്ടുള്ള കർഷകർ, തൊഴിലാളികൾ, കച്ചവടക്കാർ, വിദ്യാർത്ഥികൾ അടക്കമുള്ളവർക്കെതിരായ എല്ലാ ജപ്തി നടപടികളും ഉടൻ നിർത്തി വെക്കണമെന്നും എല്ലാ കടങ്ങളും സാമൂഹ്യ, സാമ്പത്തിക അവസ്ഥ കണക്കിലെടുത്ത് എഴുതി തള്ളാൻ നടപടിയെടുക്കണമെന്നും ജനവിരുദ്ധ സർഫാസി നിയമം റദ്ദ് ചെയ്യണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.

കൺവെൻഷനിൽ കടക്കെണി വിരുദ്ധ സമിതിയുടെ പതിനഞ്ചംഗ കമ്മറ്റി രൂപീകരിച്ചു. സി.കെ ഗോപാലൻ- കൺവീനർ, പി.കെ ബാലകൃഷ്ണൻ, ഡോക്ടർ. പി.ജി.ഹരി, റഹ്മ തൈപ്പറമ്പിൽ- ജോയിന്റ് കൺവീനർമാർ കെ.കെ ജോസ് ട്രഷറർ എന്നിവരാണ് ഭാരവാഹികൾ.

കടങ്ങൾ എഴുതി തള്ളണമെന്ന് ആവശ്യപ്പെട്ട് കളക്ടർ, റവന്യു മന്ത്രി, മുഖ്യമന്ത്രി, പ്രധാനമന്ത്രി തുടങ്ങിയവർക്ക് നിവേദനം നൽകും. കടക്കെണിയിൽപ്പെട്ടവരുടെ വിവരങ്ങൾ ശേഖരിക്കാനും സമിതി വിപുലീകരിക്കാനും കമ്മറ്റി തീരുമാനിച്ചു. ഫോൺ: 8547345723, 9497644147.