കൽപ്പറ്റ: കുരുമുളക് ഇറക്കുമതി കർഷകരെ ദുരിതത്തിലാക്കിയിരിക്കുകയാണെന്ന് വയനാട് ചേമ്പർ ഓഫ് കൊമേഴ്സ് ചൂണ്ടിക്കാട്ടി. വിയറ്റ്നാം, കമ്പോഡിയ എന്നിവിടങ്ങളിലെ കുരുമുളക് ശ്രീലങ്ക, നേപ്പാൾ ബംഗ്ളാദേശ് എന്നീ രാജ്യങ്ങൾ വഴി ഇറക്കുമതി ചെയ്യുന്നതിനാൽ ഇന്ത്യൻ വിപണിയിൽ ഗുരുതരമായ മാന്ദ്യമാണ് നിലനിൽക്കുന്നത്. കുരുമുളക് ഇറക്കുമതിക്ക് വില കിലോയ്ക്ക് 500 രൂപ നിശ്ചയിച്ചിരുന്നെങ്കിലും അതിലും കുറഞ്ഞ നിരക്കിൽ ഇറക്കുമതി ചെയ്യുകയാണ്. ദീപാവലി, നവരാത്രി കാലങ്ങളിൽ ഉത്തരേന്ത്യയിൽ നിന്നുള്ള ഡിമാന്റ് കാരണം വില കൂടാറുണ്ടെങ്കിലും ഇത്തവണ വില താഴോട്ടു തന്നെയാണ്. ഇത്തരം ഇറക്കുമതി നയം നടപ്പാക്കുന്നതിനെ കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് ചേമ്പർ ഓഫ് കൊമേഴ്സ് ആവശ്യപ്പെട്ടു.
യോഗത്തിൽ പ്രസിഡന്റ് ജോണി പാറ്റാനി അദ്ധ്യക്ഷത വഹിച്ചു. ഇ.പി.മോഹൻദാസ്, മോഹൻ ചന്ദ്രഗിരി, കെ.രവീന്ദ്രൻ, ജോസ് കപ്യാർമല, എം.സി.അബു, കെ.എം.മാത്യു എന്നിവർ സംസാരിച്ചു.