കൽപ്പറ്റ: റീബിൽഡ് മലബാർ റിപ്പോർട്ട് കോഴിക്കോട് സർക്കാർ ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ പ്രളയ ദുരന്ത മേഖലകളെ കുറിച്ചും പുനർനിർമ്മാണത്തിൽ സ്വീകരിക്കേണ്ട നയങ്ങളും തന്ത്രങ്ങളും സംബന്ധിച്ചും ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശ പ്രകാരം ജില്ലാ നഗര ഗ്രാമാസൂത്രണ ഓഫീസുകളുടെ നേതൃത്വത്തിൽ തയ്യാറാക്കിയതാണ് റീബിൽഡ് മലബാർ. ദുരന്ത മേഖലകളിൽ സന്ദർശനം നടത്തി തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷന്റെ സഹായത്തോടെയാണ് പഠനം നടത്തിയത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ട്സ്, കോഴിക്കോട് എൻ.ഐ.ടി., വി ഫോർ വയനാട്, ഡി.ജി. കോളജ് ഓഫ് ആർക്കിടെക്ട്സ്, സ്‌കൂൾ ഓഫ് ആർക്കിടെക്ചർ തൃശൂർ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളജ്, ജില്ലയിലെ വിവിധ കോളജുകൾ, സന്നദ്ധ സംഘടനകൾ എന്നിവർ പഠനത്തിൽ സഹകരിച്ചു. ജില്ലാ കളക്ടർ യു.വി.ജോസ്, കോഴിക്കോട് ജില്ലാ ടൗൺ പ്ലാനർ അബ്ദുൾ മാലിക്, വയനാട് ജില്ലാ ടൗൺ പ്ലാനർ വി.പി.ദീപ, മലപ്പുറം ജില്ലാ ടൗൺ പ്ലാനർ പി.എ.ആയിഷ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ട്സ് കോഴിക്കോട് ചാപ്റ്റർ പ്രതിനിധി വിവേക് തുടങ്ങിയവർ പങ്കെടുത്തു.