കുറ്റ്യാടി : ദേവർകോവിൽ കെ.വി.കെ.എം.എം യു.പി സ്‌കൂളിൽ വായനാ വസന്തമൊരുങ്ങുന്നു. വിദ്യാലയ മുറ്റത്ത് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി പണിതുയർത്തുന്ന ലൈബ്രറിയിലേക്ക് അരലക്ഷം പുസ്തകങ്ങൾ തേടി കുട്ടികൾ പുസ്തകവണ്ടിയുമായി നാളെ യാത്ര പുറപ്പെടുന്നു. സ്‌കൂൾ ലീഡർ കാദംബരി വിനോദും ഡെപ്യൂട്ടി ലീഡർ ഫാസിജയും നയിക്കുന്ന പുസ്തകവണ്ടി ചരിത്ര വിജയമാക്കാൻ രക്ഷിതാക്കളും നാടും നാട്ടുകാരും കുട്ടികളോടൊപ്പമുണ്ട്. . ഇനി സമ്പന്നമായ സ്‌കൂൾ ലൈബ്രറിയാണ് ലക്ഷ്യമിടുന്നത്. പുസ്തക സമാഹരണത്തിനായി നാടുണർത്തി നടത്തിയ ഇരുപത് ഗൃഹാങ്കണ പി.ടി.എ കളിൽ രണ്ടായിരത്തിലധികം രക്ഷിതാക്കൾപങ്കെടുത്തു. തുടർഘട്ടമായി ആയിരം പുസ്തകപ്പന്തലുകൾ ഓരോ വീട്ടുമുറ്റത്തും വർണ്ണക്കാഴ്ചയോടെ കുട്ടികൾ ഇതിനകം പണിതുകഴിഞ്ഞു. വായനയെ ശീലമാക്കി തിരിച്ചു പിടിക്കാനുള്ള വേറിട്ട വർത്തമാനത്തിലൊന്നാണ് ഓരോ മുറ്റത്തും ഉയരുന്ന മക്കളുടെ കൗതുകമാർന്ന പുസ്തകപ്പന്തൽ.
പുസ്തകങ്ങളുമായി ചങ്ങാത്തം കൂടാനും കൂട്ടുകാരൊപ്പം വീടിനു ചാരെ വായനാ സല്ലാപം നടത്താനുമൊരിടം. അക്ഷരങ്ങൾ തോരണമാക്കിയും പ്രിയ എഴുത്തുകാരുടെ ചിത്ര മുഖങ്ങൾ തൂക്കിയും വർണ്ണബലൂണുകൾ കൊണ്ട് മനോഹരമാക്കിയും നക്ഷത്ര ചമയമൊരുക്കിയുമാണ് പന്തൽ തയ്യാറാക്കിയത് . ഒന്നു മുതൽ ഏഴ് വരെ ക്ലാസ്സുകളിലെ ആയിരം കുട്ടികൾ അവരവരുടെ വീടുകളിൽ ഒരുക്കിയ പന്തൽഅത്യാകർഷകമാണ് .
.42 ക്ലാസ്സ് ലൈബ്രറികൾ
ആയിരം പുസ്തകപ്പന്തലുകൾ
വിസ്മയം പകരുന്ന അക്ഷര കാഴ്ച