നാദാപുരം: ചെറിയ ഒരു ഇടവേളക്ക് ശേഷം വളയം പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കുറുവന്തേരിയിൽ വീടിനു നേരെ സ്റ്റീൽ ബോംബെറിഞ്ഞു. സി.പി.എം.കുറുവന്തേരി ബ്രാഞ്ച് കമ്മിറ്റി മെമ്പർ കുറുവന്തേരി വണ്ണാര്‍ കണ്ടി പാലത്തിന് സമീപത്തെ എലിക്കുന്നുമ്മല്‍ മൂസയുടെ വീടിനു നേരെയാണ് ബോംബേറുണ്ടായത്. ബുധനാഴ്ച്ച രാവിലെയാണ് വീടിൻറെ മുറ്റത്ത് രണ്ട് സ്റ്റീല്‍ ബോംബുകള്‍ കാണുന്നത്. ബോംബിന്റെ വശങ്ങള്‍ ചുളുങ്ങിയ നിലയിലായിരുന്നു. ആദ്യം എറിഞ്ഞ ബോംബ് പൊട്ടാതിരുന്നതിനെ തുടര്‍ന്ന് വീണ്ടും എറിയുകയായിരുന്നു. രണ്ട് ബോംബുകളും പൊട്ടാതിരുന്നതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. വളയം എസ്.ഐ. യുടെ നേതൃത്വത്തില്‍ പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. സ്റ്റീല്‍ ബോംബുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് ചേലക്കാട് ക്വാറിയില്‍ എത്തിച്ച് നിര്‍വീര്യമാക്കി. സ്റ്റീല്‍ കണ്ടെയ്‌റുകളില്‍ വെടിമരുന്നും, കുപ്പിചില്ലും, കരിങ്കൽ കഷണങ്ങളും നിറച്ച നിലയിലായിരുന്നു. കഴിഞ്ഞ ആഴ്ച വളയത്ത് സി,പി.എം. പ്രവര്‍ത്തകൻറെയും അനുഭാവിയുടെയും വീടിനു നേരെ ബോംബേറുണ്ടായിരുന്നു. വൃദ്ധയായ വീട്ടമ്മ ഉള്‍പ്പെടെ രണ്ട് സ്ത്രീകള്‍ക്ക് ബോംബേറില്‍ പരിക്കേറ്റിരുന്നു
വളയത്തെ വീട്ടു മുറ്റത്ത് കണ്ടെത്തിയ സ്റ്റീല്‍ ബോംബുകള്‍.