മുക്കം: മണാശ്ശേരി ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂൾ പരിസരത്ത് ഒരുസംഘമാളുകൾ വിദ്യാർത്ഥികളെആക്രമിച്ചു. നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. സ്കൂളിലെ ചില വിദ്യാർത്ഥികളും മണാശ്ശേരിയിലെ ചില യുവാക്കളും തമ്മിൽ മുമ്പുണ്ടായ പ്രശ്നത്തിന്റെ തുടർച്ചയാണ് ഏറ്റുമുട്ടലെന്ന് നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയും ഉന്തുംതള്ളും ഉണ്ടായിരുന്നു. സ്കൂൾ അധികൃതർ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. സ്കൂൾ വിടുന്നതു കാത്തുനിന്ന യുവാക്കൾ പുറത്തെത്തിയ തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. സംഘട്ടനം പരിസരവാസികൾ ഏറ്റെടുത്തതോടെ പ്രദേശത്ത് ഏറെനേരം സംഘർഷാവസ്ഥ നിലനിന്നു. യുവാക്കളിൽ നാലുപേർക്കും പരിക്കേറ്റു . അടുത്തുള്ള ഒരു വ്യാപാര സ്ഥാപനത്തിനും കേടുപാടുകൾ സംഭവിച്ചു. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. പ്രിൻസിപ്പൽമുക്കം പൊലിസിൽ പരാതി നൽകി.