വടകര: ഹിന്ദുക്കളെ ഭിന്നിപ്പിക്കാനാണ് പിണറായി സർക്കാരും സി.പി.എമ്മും ശ്രമിക്കുന്നതെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ആരോപിച്ചു. ശബരിമല സംരക്ഷണ രഥയാത്രയ്ക്ക് വടകരയിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല യുവതീപ്രവേശനത്തെ എതിർക്കുന്നവരെ അവർണരും സവർണരുമെന്ന് വേർതിരിക്കുന്നത് സി.പി.എമ്മിന്റെ ആശയ പാപ്പരത്തമാണ്. കേരളത്തിലെ 98 ശതമാനം വരുന്ന വിശ്വാസികൾക്കു വേണ്ടിയാണ് എൻ.ഡി.എ രഥയാത്ര നടത്തുന്നത്. ഹിന്ദു വിശ്വാസത്തിനു നേരെയുള്ള കടന്നു കയറ്റത്തിനുശേഷം സർക്കാർ ക്രിസ്ത്യൻ, മുസ്ലിം വിഭാഗങ്ങൾക്കുനേരെ തിരിയും. അതിനാൽ ശബരിമല സംരക്ഷണം എല്ലാ വിഭാഗങ്ങളുടെയും ബാദ്ധ്യതയാണ്.
സാമൂഹ്യ നീതി നടപ്പാക്കുന്നതിൽ പിണറായി സർക്കാർ പരാജയമാണ്. ശബരിമലയെ തകർക്കാനുള്ള സർക്കാരിന്റെ നീക്കം മലയാളികൾക്കു മാത്രമല്ല അന്യസംസ്ഥാനത്തും വിദേശത്തുമുള്ള കോടിക്കണക്കിന് വിശ്വാസികൾക്കും വേദനയുണ്ടാക്കുന്നതാണ്. രഥയാത്ര പത്തനംതിട്ടയിൽ
സമാപിക്കുമ്പോഴേക്കും ഈ സർക്കാരിന് നല്ല ബുദ്ധി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ബി.ഡി.ജെ.എസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഗിരി പാമ്പനാൽ അദ്ധ്യക്ഷത വഹിച്ചു. ജാഥാ കോ-ഒാർഡിനേറ്റർ എ.എൻ. രാധാകൃഷ്ണൻ ആമുഖ പ്രഭാഷണം നടത്തി. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്, സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണൻ, മഹിളാ മോർച്ച സംസ്ഥാന അദ്ധ്യക്ഷ പ്രൊഫ. വി.ടി. രമ, എൻ.ഡി.എ നേതാക്കളായ സുഭാഷ് വാസു, രാജൻ കണ്ണാട്ട്, കെ.കെ. പൊന്നപ്പൻ, വി. ഗോപകുമാർ, എൽ. മെഹബൂബ്, ബിജി മണ്ഡപം തുടങ്ങിയവർ പ്രസംഗിച്ചു.