കോഴിക്കോട്: ശബരിമല ദർശനത്തിന് പോകുന്നവർ പൊലീസ് സ്‌റ്റേഷനിലെത്തി പാസ് വാങ്ങണമെന്ന നിർദ്ദേശം ബി.ജെ.പി ലംഘിക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് പറഞ്ഞു. ഇത്തരം ജനാധിപത്യ വിരുദ്ധമായ ഉത്തരവുകൾ പാലിക്കേണ്ട ബാദ്ധ്യത ജനങ്ങൾക്കില്ല. മണ്ഡല മാസ പൂജകൾക്കായി നട തുറക്കുമ്പോൾ ആയിരക്കണക്കിന് വാഹനങ്ങൾ പാസില്ലാതെ ശബരിമലയിലെത്തും. തടുക്കാൻ തൻറേടമുണ്ടെങ്കിൽ പിണറായി വിജയൻ തടയട്ടെ. ശബരിമല സംരക്ഷണ രഥയാത്രയിൽ സംസാരിക്കുകയായിരുന്നു എം.ടി. രമേശ്.
കേട്ടുകേഴ് വിയില്ലാത്ത നിയന്ത്രണങ്ങൾ കൊണ്ടു വരുന്ന പിണറായി വിജയൻ വിശ്വാസികൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനെ ചെറുക്കേണ്ടത് എല്ലാ വിശ്വാസികളുടേയും കടമയാണ്. ഈ ധർമ്മയുദ്ധത്തിൽ വിശ്വാസികൾക്ക് എല്ലാ പിന്തുണയും ബി.ജെ.പി നൽകും- അദ്ദേഹം പറഞ്ഞു.