കുന്ദമംഗലം: വീണുകിട്ടിയ പണം ഉടമസ്ഥന് തിരിച്ച് നൽകി കുന്ദമംഗലത്തെ ഓട്ടോ ഡ്രൈവർ മാതൃകയായി. കുന്ദമംഗലം ടൗണിൽ ഓട്ടോ ഓടിക്കുന്ന കുന്ദമംഗലം മുപ്ര വടക്കേ ചെരു സുലൈമാനാണ് പയമ്പ്ര റോഡിൽ പെരുവട്ടിപ്പാറ വെച്ച് 26000 രൂപയും എ ടിഎം കാർഡും ലൈസൻസും അടങ്ങുന്ന പേഴ്സ് വീണുകിട്ടിയത്. ഉടനെ കുന്ദമംഗലം പോലീസ് സ്റ്റേഷനിലെത്തി പണവും പേഴ്സും ഏൽപ്പിച്ചു. കാപ്പാട് കണ്ണംകടവ് സ്വദേശി ഷാനിഫിന്‍റെ പണമാണ് നഷ്ടപ്പെട്ടത്. ലൈസന്‍സിലുള്ള മൊബൈൽ നമ്പറിൽ ബന്ധപ്പെട്ടപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം ഇയാൾ അറിയുന്നത്. കോഴിക്കോട് ചാലപ്പുറം ഡിടിഡിസി കൊറിയറിൽ ജോലി ചെയ്യുന്ന യുവാവിന് കൊറിയർ നല്‍കി കിട്ടിയ പണമാണ് നഷ്ടപ്പെട്ടത്. സ്റ്റേഷനിലെത്തിയ യുവാവിന് കുന്ദമംഗലം പോലീസ് സബ് ഇൻസ്പെക്ടർ മുരളീധരന്‍റെ സാന്നിദ്ധ്യത്തിൽ ഒാട്ടോ ഡ്രൈവർ സുലൈമാന്‍ പണം കൈമാറി. ഒരു മാസം മുമ്പ് കുന്ദമംഗലം വയനാട് റോഡിൽ വെച്ച് 6500 രൂപയടങ്ങിയ ബാഗ് സുലൈമാന് വീണുകിട്ടിയിരുന്നു. ഇതും പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു.