കൽപ്പറ്റ: വയനാട് ജില്ലാ സ്കൂൾ കലോത്സവം 13 മുതൽ 17 വരെ വടുവഞ്ചാൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. ജില്ലാ യുവജനോത്സവവും സംസ്കൃതോൽസവവും അറബിക് കലാമേളയും രാവും പകലുമായി ഏഴു വേദികളിലായാണ് നടക്കുന്നത്.
13,14,15 തിയതികളിൽ സ്റ്റേജിതര മത്സരങ്ങൾ സംസ്ഥാനത്ത് ഒരുമിച്ചാണ് ഇത്തവണ നടക്കുന്നത്. സ്റ്റേജ് മത്സരങ്ങൾ 16,17 തിയതികളിൽ നടക്കും.
മൂന്ന് സബ് ജില്ലകളിൽ നിന്ന് വിജയിച്ചു വരുന്ന ആയിരത്തി ഇരുനൂറോളം കലാകാരന്മാർ വേദികളിൽ മാറ്റുരയ്ക്കും. എം.പി, എംഎൽ.എ മാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവർ രക്ഷാധികാരികളും ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗം പി.അനിൽകുമാർ ചെയർമാനും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കെ.പ്രഭാകരൻ ജനറൽ കൺവീനറും പി.കെ.ബിനോയ് പ്രോഗ്രാം കൺവീനറുമായി വിവിധ കമ്മറ്റികൾ രൂപീകരിച്ചിട്ടുണ്ട്.
പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആർഭാട രഹിതമായും ഗ്രീൻ പ്രോട്ടോകോൾ പാലിച്ചുകൊണ്ടുമാണ് കലോത്സവം നടക്കുന്നത്.
179 സ്റ്റേജിനങ്ങളും 54 സ്റ്റേജിതര ഇനങ്ങളുമായി 233 ഇനങ്ങളിലാണ് മത്സരങ്ങൾ. കലോത്സവ വിവരങ്ങൾ തൽസമയം ലഭ്യമാക്കാൻ മൊബൈൽ ആപ്പ് ഏർപ്പെടുത്തുന്നുണ്ട്. ഹൈസ്കൂൾ ജനറൽ, ഹയർസെക്കൻഡറി ജനറൽ, ഹൈസ്കൂൾ സംസ്കൃതോൽസവം, ഹൈസ്കൂൾ അറബിക് കലോത്സവം, ഹയർ സെക്കൻഡറി സംസ്കൃതോൽസവം, ഹയർ സെക്കൻഡറി അറബിക് കലോത്സവം എന്നീ വിഭാഗങ്ങളായാണ് മത്സരങ്ങൾ.