വിശ്വാസ സംരക്ഷണ സമ്മേളനം നടത്തി
സുൽത്താൻബത്തേരി: സുപ്രീം കോടതി വിധി ഹിന്ദു സമൂഹത്തിന് താങ്ങാവുന്നതിനും അപ്പുറമാണെന്ന് മീനങ്ങാടി നരനാരായണ അദ്വൈതാശ്രമം മഠാധിപതി ബ്രഹ്മചാരി വേദ ചൈതന്യ. ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ വിശ്വാസ സംരക്ഷണ സമ്മേളനം ബത്തേരിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്‌ദേഹം.
തകർക്കാൻ കഴിയാത്ത സംസ്‌ക്കാരവും വിശ്വാസവും, ജീവിതവുമാണ് ഹിന്ദു സമൂഹത്തിന്റേത്.ശബരിമല ആചാരങ്ങളെ തുരങ്കം വെക്കുന്നത് മതപരിവർത്തന ലോബികളാണെന്നും, ഹിന്ദു സമൂഹത്തിന്റെ സാമുദായിക സാംസ്‌ക്കാരിക പ്രവർത്തനങ്ങളെ ഇവർ ഭയപ്പെടുന്നതായും അദ്‌ദേഹം പറഞ്ഞു.
ശബരിമല കർമ്മസമിതി ജില്ലാ അദ്ധ്യക്ഷൻ ഇ.പി മോഹൻദാസ് അധ്യക്ഷത വഹിച്ചു.
ആചാര ലംഘനം നടത്തി ശബരിമലയെ ടൂറിസ്റ്റ് കേന്ദ്രമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അവിശ്വാസികളായവരെ ശബരിമലയിൽ എത്തിക്കുന്നത്. ശബരിമലയിൽ വൈദ്യുതി ഇല്ലാതാക്കിയും വെള്ളം നൽകാതെയും ശൗചാലയങ്ങൾ പൂട്ടിയിട്ടും അയ്യപ്പ ഭക്തരെ വെല്ലുവിളിക്കുകയാണ്. അയ്യപ്പഭക്തരെ അവഹേളിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ അനുവദിക്കാനാവില്ലെന്നും ശബരിമല കർമ്മസമിതി നേതാക്കൾ പറഞ്ഞു.
ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി. ബാബു മുഖ്യപ്രഭാഷണം നടത്തി. അമൃതാനന്ദമയീ മഠം വയനാട് മഠാധിപതി അക്ഷയാമൃത ചൈതന്യ,അനുഗ്രഹ പ്രഭാഷണം നടത്തി. ശബരിമല സംരക്ഷണ സമിതി ജില്ലാ കൺവീനർ കെ.ജി സുരേഷ് ബാബു സ്വാഗതം പറഞ്ഞു.കെ.ജി ഗോപാലപിള്ള, പള്ളിയറ രാമൻ, പി.സി.ജയരാജൻ, ഉണ്ണികൃഷ്ണൻ, ബാബു കട്ടയാട്, വേലായുധൻ, നൂഞ്ഞ്ജൻ, ബിന്ദു കാക്കത്തോട്, കൃഷ്ണൻകുട്ടി പള്ളികുന്ന്, ബാലൻ പൂതാടി, കാർവർണൻ, മണ്ണാട്ട് കേശവൻ നമ്പൂതിരി,സി.പി.വിജയൻ, മുരളീധരൻ, സജിത്ത് കുമാർ, മണിശങ്കർ, ഓമന രവീന്ദ്രൻ, പി.പി ശശി,ജഗന്നാഥ വർമ്മ എന്നിവർ സംസാരിച്ചു.