കോഴിക്കോട്: സ്വന്തം തീരുമാനം എടുക്കാനുള്ള ശേഷി പോലും പല സ്ത്രീകൾക്കുമില്ലെന്ന് സാഹിത്യകാരി ദീപ നിഷാന്ത് പറഞ്ഞു. ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തുന്ന സാംസ്കാരിക സായാഹ്നത്തിന്റെ മൂന്നാം ദിവസം 'സ്വാതന്ത്ര്യത്തിന്റെ സ്ത്രീപക്ഷം' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അവർ. പല പെൺകുട്ടികളും ജീവിക്കുന്നത് അവരുടെ ജീവിതമല്ല, മറ്റാരുടെയോ തീരുമാനപ്രകാരമുള്ള ജീവിതമാണ്. അന്യ വീടിന് വേണ്ടി നമ്മുടെ കുട്ടികളെ പാകപ്പെടുത്തുകയാണ് പലരും. സ്ത്രീകൾ അമ്പലങ്ങളിലേക്ക് പോവുമ്പോൾ നിഷ്കളങ്കമായി കരുതിയിരുന്നവർ അവൾ ശബരിമലയിലേക്ക് പോവണമെന്ന് പറഞ്ഞാൽ ആക്രോശങ്ങളുമായാണ് സ്വീകരിക്കുന്നത്. പാചക വാതകത്തിന്റെ വില കൂടിയപ്പോഴും പുറത്തിറങ്ങാത്ത സ്ത്രീകളാണ് ഞങ്ങൾ അശുദ്ധിയുള്ളവരാണ് എന്ന് പറഞ്ഞ് സന്ധ്യാ സമയങ്ങളിൽ പോലും നിരത്തിലേക്കിറങ്ങുന്നത്. അങ്ങനെയെങ്കിലും പുറം ലോകത്തേക്ക് സ്ത്രീകളെ ഇറക്കാൻ സുപ്രീം കോടതിയുടെ ശബരിമല വിധിക്ക് കഴിഞ്ഞല്ലോ.
കെ.വി ലേഖ അദ്ധ്യക്ഷയായിരുന്നു. ഡോ പി സുരേഷ്, ഡോ രാജശ്രീ ആർ, അബ്ദുൽ ഹക്കീം എന്നിവർ സംസാരിച്ചു. പിങ്കി പ്രമോദ് സ്വാഗതവും കെ സിനി നന്ദിയും പറഞ്ഞു.