കോഴിക്കോട്: ഗൾഫിൽ നിന്ന് നാട്ടിലെത്തിയ യുവാവിനെയും സുഹൃത്തുക്കളേയുംപൊറ്റമ്മൽജംഗ്ഷനിൽ ഇന്നോവകാറിലെത്തി ആക്രമിച്ച കേസിലെപ്രതി തടിയന്റവിട നസീറിന്റെ സഹോദരനെ ചോദ്യം ചെയ്യാനായില്ല. നസീറിന്റെ സഹോദരന്റെ പങ്ക് വ്യക്തമായിട്ടും ഇതുവരേയുംതുടർനടപടികൾ സ്വീകരിച്ചിട്ടില്ല. മറ്റൊരു കവർച്ചാകേസുമായി ബന്ധപ്പെട്ട് തൃശൂരിൽ അറസ്റ്റിലായ ഇയാൾ ഇപ്പോൾ അവിടെ റിമാൻഡിലാണ്.
തൃശൂർ പൊലീസുമായി ബന്ധപ്പെട്ട് മെഡിക്കൽകോളജ് പൊലീസ് കോടതിവഴി ഇയാളെ കസ്റ്റഡിയിൽ വാങ്ങാനാണു് ഉദ്ദേശിച്ചിരുന്നത്. ഇതിനിടെ ചില ഇടപെടലുകൾ നടന്നതായിആരോപണമുയർന്നു. അവിടെയെത്തി ചോദ്യം ചെയ്യാമെന്നാണ് ഇപ്പോൾ മെഡിക്കൽ കോളജ് പൊലീസിന്റെ നിലപാട്. കോഴിക്കോട്ടെ കവർച്ചാകേസിൽ നിന്ന് എങ്ങനെയെങ്കിലും ഒഴിവാക്കാൻ ഉന്നതതലശ്രമം നടക്കുന്നുണ്ട്. കോഴിക്കോട്ടെ കവർച്ചാ കേസുമായി ബന്ധപ്പെട്ട് ഒരാളെ മാത്രമാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. മറ്റുള്ള പ്രതികളെ കിട്ടിയാൽ നസീറിന്റെ സഹോദരന്റെ പങ്ക് വ്യക്തമായി മനസിലാക്കാം. മറ്റു പ്രതികളെ കണ്ടെത്തുന്നതിനായുള്ള അന്വേഷണവും ഇപ്പോൾ നിലച്ചിരിക്കുകയാണ്.
സെപ്തംബർ ഏഴിനാണ് ദുബായിൽ നിന്ന് സ്വർണം കൊണ്ടുവരുന്ന കാറാണെന്ന് തെറ്റിദ്ധരിച്ച് മുക്കം സ്വദേശിയായ മുഹമ്മദ് ജംനാസ് സഞ്ചരിച്ചിരുന്ന കാർ തട്ടിയെടുത്തത്. . ഗൾഫിൽ നിന്ന് കരിപ്പൂർ വിമാനത്താവളത്തിലെത്തിയ ശേഷം കോഴിക്കോട് ഭാഗത്തേക്കു വരുന്നതിനിടെയാണ് മുക്കം കുമാരനല്ലൂർ മമ്പാട്ട് വീട്ടിൽ മുഹമ്മദ് ജംനാസും സുഹൃത്തുക്കളും ആക്രമണത്തിനിരയായത്. തട്ടിയെടുക്കപ്പെട്ട കാർ മണിക്കൂറുകൾക്ക് ശേഷം അഴിഞ്ഞിലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.