i-league-gokulam
i league gokulam

കോഴിക്കോട്: സ്വന്തം തട്ടകത്തിൽ സീസണിലെ ആദ്യ വിജയവുമായി ഐ - ലീഗ് ഫുട്ബാളിലെ ഏക കേരളക്ളബ് ഗോകുലം എഫ്.സി. ഇന്നലെ കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന കളിയിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ഷില്ലോംഗ് ലജോംഗ് എഫ്.സിയെ തകർത്ത ഗോകുലം പോയിന്റ് പട്ടികയിൽ മൂന്നാമതെത്തുകയും ചെയ്തു.

ഗോകുലത്തിന് വേണ്ടി ഗനി അഹമ്മദ് നിഗം, അന്റോണിയോ ജർമൻ, എസ് .രാജേഷ് എന്നിവരാണ് സ്കോർ ചെയ്തത്. ഫ്രാങ്കി ബുവാം ഷില്ലോംഗിനായി ആശ്വാസ ഗോൾ നേടി. ആദ്യ പകുതിയിൽ ഒരു ഗോളിന് ലീഡ് ചെയ്ത ഗോകുലം രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ കൂടി നേടി.

ഇരുടീമുകളും മികച്ച കളി പുറത്തപ്പോൾ ഗോൾ മുഖത്തേക്ക് നിരന്തരം പന്തെത്തി. കളിയുടെ 43ാം മിനിട്ടിൽ ബ്രസീലിയൻ താരം ഫിലിപ്പെ ഡി കാസ്ട്രോ എടുത്ത ഫ്രീക്കിക്കിൽ നിന്നാണ് ഗോകുലത്തിന്റെ ആദ്യഗോൾ പിറന്നത്. പെനാൾട്ടി ബോക്സിൽ റീബൗണ്ടായി വന്ന പന്തിനെ മനോഹരമായി ഗോളിലേക്ക് തിരിച്ചു വിട്ട് ഗനി ഗോകുലത്തിന്റെ ഗോൾവേട്ടയ്ക്ക് തുടക്കം കുറിച്ചു. 56ാം മിനിട്ടിൽ ജർമന്റെ കരുത്തുറ്റ ഷോട്ട് ഷില്ലോംഗ് പ്രതിരോധത്തെ ഭേദിച്ച് വലയിലെത്തി. 66ാം മിനിട്ടിൽ മനോഹരമായ ഗോളിലൂടെ തിരുവന്തപുരം സ്വദേശി രാജേഷ് എസ് ഗോകുലത്തിന്റെ ലീഡ് മൂന്നാക്കി. ഗനിയുടെ സുന്ദരമായ ക്രോസിൽ നിന്നാണ് രാജേഷിന്റെ ഗോൾ. 78ാം മിനിട്ടിൽ ഫ്രാങ്കി ബുവാമിലൂടെ ഷില്ലോംഗ് ആശ്വാസഗോൾ നേടി.

ഇതോടെ ഗോകുലം നാല് കളികളിൽ അഞ്ച് പോയിന്റ് സ്വന്തമാക്കി. ഷില്ലോംഗ് പത്താമതാണ്.