കോഴിക്കോട്: ശബരിമല വിഷയത്തിൽ കോടതി യുക്തിപരമായാണ് വാദം കേട്ടിരുന്നതെങ്കിൽ ശബരിമല ടൈഗർ റിസർവ് മേഖലയായി പ്രഖ്യാപിക്കുമായിരുന്നുവെന്ന് പരിസ്ഥിതി പ്രവർത്തകൻ ഹരീഷ് വാസുദേവൻപറഞ്ഞു. ടൗൺഹാളിൽ ക്ഷേത്ര പ്രവേശന വിളംബരം വാർഷിക ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വസിക്കാനുള്ള അവകാശം എല്ലാവർക്കും ഉണ്ട്. എന്നാൽ ഒരാളുടെ വിശ്വാസത്തിൽ മറ്റൊരാൾ ഇടപെട്ടു അങ്ങനെയെ ചെയ്യാവുവെന്ന് പറയുമ്പോൾ കോടതിക്ക് അത് നോക്കി നിൽക്കാനുംകഴിയില്ല. അത് കൊണ്ട് തന്നെ സ്ത്രീകളെ രണ്ടാം കിടക്കാർ ആക്കുന്ന ഒരു ആചാരവും നിയമം അനുവദിക്കില്ല. കോടതി വിധിക്ക് എതിരായി ഒരു ആചാരവും നിലനിൽക്കില്ല.
വോട്ട് പോയാലും വിധി നടപ്പാക്കുമെന്ന് ഒരു സർക്കാർ ആർജ്ജവത്തോടെ ഉറച്ച നിലപാട് എടുക്കുമ്പോൾ ജനാധിപത്യ വിശ്വാസികൾ മറ്റെല്ലാ അഭിപ്രായ ഭിന്നതകളും മാറ്റി വച്ച് കൈയടിച്ചു പോകുന്നത് സ്വാഭാവികം മാത്രമാണെന്നും ഹരീഷ് പറഞ്ഞു.