കോഴിക്കോട്: കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരൻ നയിക്കുന്ന വിശ്വാസ സംരക്ഷണ യാത്ര ഇന്ന് ജില്ലയിൽ. രാവിലെ ഒൻപതിന് ജില്ലാ അതിർത്തിയായ തൊട്ടിൽപാലത്ത് ജില്ലാ നേതാക്കൾ യാത്രയ്ക്ക് സ്വീകരണം നൽകും. പേരാമ്പ്രയിലാണ് ജില്ലയിലെ ആദ്യസ്വീകരണ യോഗം . പേരാമ്പ്ര, കുറ്റിയാടി, നാദാപുരം നിയോജകമണ്ഡലത്തിൽ നിന്നുള്ള പ്രവർത്തകരും വിശ്വാസികളും യോഗത്തിൽ പങ്കെടുക്കും. തുടർന്ന് വൈകുന്നേരം മൂന്നിന് കൊയിലാണ്ടിയിൽ സ്വീകരണം നൽകും. വടകര, കൊയിലാണ്ടി നിയോജകമണ്ഡലത്തിൽ നിന്നുള്ള പ്രവർത്തകർ പങ്കെടുക്കും. കോൺഗ്രസിന്റെ വില്ല്യാപ്പള്ളി ബ്ലോക്കിൽ നിന്നുള്ള പ്രവർത്തകരും അണിനിരക്കും. വൈകുന്നേരം 5.30 ന് കോഴിക്കോട് മുതലക്കുളത്താണ് പൊതുസമ്മേളനം . മുതിർന്ന നേതാക്കൾ പങ്കെടുക്കും. ക്ഷേത്രപ്രവേശന വിളംബരവാർഷികാഘോഷ പരിപാടികളും ചടങ്ങിൽ നടക്കും.