chess
മീനങ്ങാടിയിൽ ചെസ് അക്കാഡമിയുടെയും ജില്ലാ ചെസ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ ജില്ലാ സെലക്ഷൻ ചെസ് മത്സരം പഞ്ചായത്ത് പ്രസിഡന്റ് ബീന വിജയൻ ഉദ്ഘാടനം ചെയ്യുന്നു.

മീനങ്ങാടി: പഞ്ചായത്ത് ചെസ് അക്കാഡമിയുടെയും ജില്ലാ ചെസ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ അണ്ടർ 6, അണ്ടർ14 ജില്ലാ സെലക്ഷൻ ചെസ് മത്സരവും പരിശീലനവും ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ നടത്തി. മത്സരത്തിൽ ആറു വയസിൽ താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ കെ.എസ്.ഗൗതം കൃഷ്ണ, ടെനിൽ തുമ്പാനം, പെൺകുട്ടികളുടെ വിഭാഗത്തിൽ എം.എസ്. അനുഷ, എൻ.കെ. അമീന, 14 വയസിൽ താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ അർജുൻ ബിജു, എം.എസ്. ആബേൽ, പെൺകുട്ടികളുടെ വിഭാഗത്തിൽ ഹരിപ്രിയ രാജ്, ജാന ആലുങ്കൽ എന്നിവർ യഥാക്രമം ഒന്ന്, രണ്ട് സ്ഥാനം നേടി. ഇവർ സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കും.
പഞ്ചായത്ത് പ്രസിഡന്റ് ബീന വിജയൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം മിനി സാജു അദ്ധ്യക്ഷത വഹിച്ചു. ചൂതുപാറ ജനത ഗ്രന്ഥാലയത്തിൽ കഴിഞ്ഞ മൂന്നു വർഷം നൽകിയ പരിശീലനത്തിലൂടെ അന്തർദേശീയ ഫിഡെ റേറ്റഡ് താരങ്ങളായി മാറിയ വി.എസ്. അഭിനവ്‌രാജ്, എം.എസ്. ആബേൽ, ഹരിപ്രിയ രാജ്, ശ്രീരാഗ് പദ്മൻ, അശ്വിൻ കൃഷ്ണ, അർജുൻ ബിജു, വി.എസ്. ആനന്ദ്രാജ്, അനന്തുകൃഷ്ണ എന്നിവരെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. അസൈനാർ അനുമോദിച്ചു. പഞ്ചായത്തംഗം എം.എൻ. മുരളി സമ്മാനദാനം നിർവഹിച്ചു. ഇന്ത്യൻ ചെസ് അക്കാഡമി വയനാട് ചാപ്റ്റർ പ്രസിഡന്റ് കൽപ്പന ബിജു, സെക്രട്ടറി ആർ. രമേഷ് എന്നിവർ പ്രസംഗിച്ചു. ജില്ലാ ചെസ് അസോസിയേഷൻ ട്രഷറർ എം.ആർ. മംഗളൻ സ്വാഗതവും പഞ്ചായത്ത് ചെസ് അക്കാഡമി കോ ഒാർഡിനേറ്റർ വി.ആർ. സന്തോഷ് നന്ദിയും പറഞ്ഞു.