കൽപ്പറ്റ: കാനം വിളിച്ചു, കാണാൻ പോയി. അതിലെന്ത് തെറ്റ്?.ഇതൊക്കെ രാഷ്ട്രീയമല്ലേ. ആദിവാസി ഗോത്രമഹാസഭ അദ്ധ്യക്ഷയായിരുന്ന സി.കെ. ജാനു കേരളകൗമുദിയോട് പറഞ്ഞു.. എൻ.ഡി.എ ബന്ധം ഉപേക്ഷിച്ച സി.കെ. ജാനു ആരുമായും യോജിക്കാൻ തയ്യാറാണെന്ന് നേരത്തേ തന്നെ പറഞ്ഞിരുന്നു. അത് പ്രകാരമാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഒരു മാസം മുമ്പ് ഒാഫീസ് സെക്രട്ടറി മുഖാന്തരം വിളിപ്പിച്ചത്.
''എൻ.ഡി.എ ബന്ധം ഉപേക്ഷിച്ചപ്പോൾ പലരും ഞങ്ങളെ സമീപിച്ചിരുന്നു. പക്ഷേ ഇടത് മുന്നണിയുമായി ബന്ധപ്പെടാൻ താത്പര്യമുണ്ട്. കാനം രാജേന്ദ്രന് ഞങ്ങളെക്കുറിച്ചറിയാം. അതുകൊണ്ടായിരിക്കും കാണാൻ ആഗ്രഹിച്ചതും. ഇൗ കൂടിക്കാഴ്ച നടന്നിട്ട് തന്നെ ഒരു മാസമായി. അല്ലെങ്കിലും ഞാൻ കടന്ന് വന്നത് കമ്മ്യൂണിസ്റ്റ് പാതകളിലൂടെയാണ്. സി.പി.എം നിയന്ത്രണത്തിലുള്ള കർഷകത്തൊഴിലാളി യൂണിയൻ വയനാട് ജില്ലാ കമ്മിറ്റി മെമ്പറായും സി.പി.എം തൃശ്ശിലേരി ബ്രാഞ്ച് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. പിന്നെ ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ട്. അതൊക്കെ കഴിഞ്ഞ കഥ. ഇതൊക്കെ രാഷ്ട്രീയമാണ്. നാളെ എന്ത് നടക്കുമെന്ന് ഇപ്പോൾ പറയാൻ പറ്റില്ലല്ലോ. കാര്യങ്ങൾ അങ്ങനെയാണ് പോകുന്നത്. നല്ലൊരു രാഷ്ട്രീയ തീരുമാനവും വരും ദിനങ്ങളിൽ ഉണ്ടാകും"- ജാനു പറഞ്ഞു. ഒരു കാലത്ത് എഴുത്തും വായനയും അറിയാത്ത ഒരു ഒാണംകേറാമൂലയായ വയനാട്ടിലെ തൃശ്ശിലേരിയിൽ നിന്നുള്ള ജാനു എന്ന ആദിവാസി യുവതിക്ക് ഇന്ന് പ്രായം അമ്പത് ആയി. ജീവിതം കയ്പേറിയതായിരുന്നു. അതുകൊണ്ട് സ്കൂളിൽ പോകാതെ തന്നെ എഴുത്തും വായനയും പഠിച്ചു. ഇംഗ്ളീഷ് അടക്കം നിരവധി ഭാഷകൾ ഇന്ന് ജാനുവിന് വശം. അച്ഛൻ കരിയനും അമ്മ വെളിച്ചിയും കമ്മ്യൂണിസ്റ്റുകാരായിരുന്നു. അവരിൽ നിന്നാണ് ഞാനെല്ലാം പഠിച്ചത്. അമ്മ രണ്ട് മാനം നെല്ലിനും അച്ഛൻ മൂന്ന് മാനം നെല്ലിനും ജന്മിയുടെ പാടത്ത് ചോര നീരാക്കി ജോലി ചെയ്തിട്ടുണ്ട്. അച്ഛനും അമ്മയും ജന്മിമാരുടെ അടിമകളായിരുന്നു. വർഗബോധം അവിടെ നിന്നാണ് ഉണ്ടായത്. കൂട്ടിന് വളർത്ത് മകൾ ജാനുവുണ്ട്. അവൾ മാനന്തവാടി സെന്റ് പാട്രിക് സ്കൂളിൽ ഒന്നാം ക്ളാസിൽ പഠിക്കുന്നു.