chandrika
ക്ഷേത്രപ്രവേശന വിളംബരം വാർഷികാഘോഷങ്ങളുടെ ഭാഗമായി കൽപ്പറ്റ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ നവോത്ഥാന മൂല്യങ്ങളും അയിത്തോച്ചാടനവും സെമിനാറിൽ സി.എസ് ചന്ദ്രിക സംസാരിക്കുന്നു

കൽപ്പറ്റ: ചരിത്രത്തിൽ നിന്നു പാഠമുൾക്കൊള്ളാതെ മുന്നോട്ടുപോവാൻ കഴിയില്ലെന്നു പ്രശസ്ത സാഹിത്യകാരി സി.എസ് ചന്ദ്രിക പറഞ്ഞു. ക്ഷേത്രപ്രവേശന വിളംബരം 82ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ നവോത്ഥാന മൂല്യങ്ങളും അയിത്തോച്ചാടനവും സെമിനാറിൽ സംസാരിക്കുകയായിരുന്നു അവർ.

നവോത്ഥാന പ്രസ്ഥാനം നൽകിയ അടിത്തറയാണ് നിലവിലെ സാമൂഹിക വ്യവസ്ഥിതിയുടെ മൂലധനം. സാമൂഹികവും സാംസ്‌കാരികവും സാമ്പത്തികവുമായി കേരളം പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. പ്രളയത്തെ നേരിട്ട പോലെ നവോത്ഥാന വിഷയങ്ങളിലും ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ കഴിയണം. ജാതിയുടെ അടിസ്ഥാനത്തിൽ മനുഷ്യരെ തരംതിരിച്ചിരിക്കുന്ന അവസ്ഥയിൽ നിന്നു മാറാൻ സമൂഹത്തിന് കഴിയണം. നിലവിലെ സാമൂഹിക സാഹചര്യത്തിൽ നിശ്ശബ്ദത പോലും കുറ്റകരമാണെന്ന് അവർ അഭിപ്രായപ്പെട്ടു. സാമൂഹിക പരിഷ്‌കർത്താക്കളുടെ പരിശ്രമങ്ങളാണ് പുറത്തിറങ്ങി സത്യം വിളിച്ചുപറയാനുള്ള സാഹചര്യമൊരുക്കിയത്. കേരളത്തിലെ നവോത്ഥാനം തുടങ്ങുന്നത് ചാന്നാർ സ്ത്രീകളുടെ മേൽമുണ്ട് സമരത്തോടെയാണ്. നവോത്ഥാന കാലഘട്ടത്തിൽ ഉണ്ടാക്കിയെടുത്ത മൂല്യങ്ങൾ കാത്തുസൂക്ഷിക്കാൻ ജാതീയ സംഘടനകൾക്കു കഴിഞ്ഞിട്ടില്ല. യുക്തിചിന്തകൾ കൊണ്ടാണ് സാമൂഹിക പരിഷ്‌കർത്താക്കൾ പ്രവർത്തിച്ചത്. ആത്മീയതയും യുക്തിചിന്തയും ഒരുമിച്ച് കൊണ്ടുപോവാൻ കഴിയണം. ഇല്ലെങ്കിൽ വരുംതലമുറ പോലും ഭീതിതമായ ജാതീയ ചിന്തകളുടെ പടുകുഴിയിൽ അകപ്പെടുമെന്ന് അവർ പറഞ്ഞു. ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി എ.കെ രാജേഷ്, ജില്ലാ ഇൻഫർമേഷൻ ഓഫിസർ ഇൻചാർജ് എൻ സതീഷ് കുമാർ, തുടങ്ങിയവർ പങ്കെടുത്തു.