നാദാപുരം: വളയത്ത് വാക്കു തർക്കത്തിനിടയിൽപിതാവിന് കുത്തേറ്റസംഭവത്തിൽ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. വളയം നിരവുമ്മലിലെ കക്കൂട്ടത്തിൽ രാജനാണ്(55) കുത്തേറ്റത്. ഇന്നലെ ഉച്ചക്ക് പന്ത്രണ്ട് മണിയോടെവീട്ടിൽ രാജനും സുഹൃത്തും ഭക്ഷണം കഴിക്കുന്നതിനിടയിൽ വീട്ടിലെത്തിയ മൂത്ത മകൻ രാജേഷുമായി വാക്കുതർക്കമുണ്ടായി. തർക്കത്തിനിടയിൽ പ്രകോപിതനായ രാജേഷ് അരയിൽ കരുതി വെച്ച കത്തി എടുത്ത് രാജനെ കുത്തുകയായിരുന്നുവെന്ന് പറയുന്നു. വീട്ടുകാരുടെ ബഹളം കേട്ട് ഓടിയെത്തിയ പരിസര വാസികളാണ് വയറിനു മുകളിലായി ആഴത്തിൽ കുത്തേറ്റ രാജനെ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാജൻ അപകട നില തരണം ചെയ്തതായി പൊലീസ് പറഞ്ഞു. രാജേഷി(27)നെ വളയം പൊലീസ് കസ്റ്റഡിയിലെടുത്തു. കുത്താനുപയോഗിച്ച ആയുധവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.