കോഴിക്കോട്:സംഘപരിവാറിന്റെ സംഘടിത നുണ പ്രചാരണത്തെ തടയാൻ നവ മാദ്ധ്യമ രംഗത്ത് കൂടുതൽ സജീവമാകാൻ കോഴിക്കോട് നടക്കുന്ന ഡി.വൈ.എഫ്.ഐ 14-ാം സംസ്ഥാന സമ്മേളനം തീരുമാനിച്ചു.

സംഘപരിപാറിന്റെ സംഘടിത നുണപ്രചാരണത്തിൽ ചിലർ വീണു പോകുന്നുവെന്ന് പ്രതിനിധി ചർച്ചയിൽ അംഗങ്ങൾ കുറ്റപ്പെടുത്തിയിരുന്നു. തുടർന്നാണ് ഈ മേഖലയിലും സജീവമാകാൻ തീരുമാനിച്ചതെന്ന് സംസ്ഥാന സെക്രട്ടറി എം. സ്വരാജ് മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.

വനിതയായ ഒരാളെങ്കിലും യൂണിറ്റ് ഭാരവാഹികളിൽ ഉണ്ടായിരിക്കണമെന്നാണ് മറ്റൊരു തീരുമാനം. 5000ത്തോളം യൂണിറ്റുകളാണ് സംസ്ഥാനത്തുള്ളത്. മറ്റ് ഭാരവാഹിത്വങ്ങളിൽ 20 ശതമാനത്തോളം വനിതകൾക്കായി മാറ്റിവയ്ക്കും. പരിസ്ഥിതി സംരക്ഷണത്തിലും കലാസാംസ്കാരിക മേഖലയിലുമുള്ള ഇടപെടൽ കൂടുതൽ ശക്തിപ്പെടുത്തും.

'പരിസ്ഥിതി സംരക്ഷണ പ്രവർത്തനത്തിൽ അവാർഡ് നേടിയ സംഘടനയാണ് ഡി.വൈ.എഫ്.ഐ. എങ്കിലും സമഗ്രമായ ഇടപെടലാണ് ആഗ്രഹിക്കുന്നത്. പ്രതിനിധി സമ്മേളനത്തിൽ 44 അംഗങ്ങൾ ചർച്ചയിൽ പങ്കെടുത്തുവെന്നും' സ്വരാജ് പറഞ്ഞു.

ചില മാദ്ധ്യമങ്ങൾ തെറ്റായ കാര്യങ്ങളാണ് ചർച്ചയുടെ പേരിൽ പടച്ച് വിട്ടത്. സംസ്ഥാന പ്രസിഡന്റിനെ അഖിലേന്ത്യാ പ്രസിഡന്റ് വിമർശിച്ചുവെന്ന തരത്തിൽ വരെ വാർത്തകൾ വന്നു. ഡി.വൈ.എഫ്.ഐയുടെ ബാലപാഠങ്ങൾ പോലും അറിയാത്തവരാണ് ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നത്.സംഘടനയുടെ നിയമം അനുസരിച്ച് സംസ്ഥാന കമ്മിറ്റിചർച്ചയിൽ അഖിലേന്ത്യാ പ്രസിഡന്റ് പങ്കെടുക്കാറില്ല- അദ്ദേഹം പറഞ്ഞു.