പേരാമ്പ്ര : ചെങ്ങോടുമലയിൽ കരിങ്കൽ ഖനനത്തിന് നൽകിയ പാരിസ്ഥിതികാനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമരസമിതി ഹൈക്കോടതിയിൽ റിട്ട് പെറ്റീഷൻ ഫയൽ ചെയ്തു. കോടതി ബുധനാഴ്ച്ച കേസ് പരിഗണിക്കും. പാരിസ്ഥിതികാനുമതി നൽകിയ ജില്ലാ പാരിസ്ഥിതികാഘാത നിർണയ സമിതിയിൽ പാരിസ്ഥിതിക വിദഗ്ധൻ ഉണ്ടായിരുന്നില്ല. കൂടാതെ അനുമതി കൊടുത്ത ശേഷമാണ് ഫീൽഡ് പരിശോധന നടത്തുന്നതെന്ന ഗൗരവതരമായ കാര്യവും റിട്ട് പെറ്റീഷനിൽ ചൂണ്ടികാണിക്കുന്നു. 2017 ഒക്ടോബർ 30 ന് ആണ് ഡെൽറ്റ റോക്‌സ് പ്രൊഡ്ര്രകിന് അനുമതി നൽകുന്നത്. പ്രദേശത്ത് സംഘം പരിശോധന നടത്തിയത് നവംബർ ഒൻപതിനുമാണ്. മലബാർ വന്യജീവി സങ്കേതത്തിൽ നിന്നും 10 കിലോമീറ്ററിനുള്ളിൽ ഖനനം നടത്തണമെങ്കിലും സ്‌ഫോടകവസ്തുക്കൾ സൂക്ഷിക്കുന്നതിനും വന്യജീവി സംരക്ഷണ വകുപ്പിൽ നിന്നും പ്രത്യേക അനുമതി ലഭിക്കേണ്ടതുണ്ട്. എന്നാൽ ചെങ്ങോടുമലയുടെ കാര്യത്തിൽ ഇതുണ്ടായില്ലെന്ന് സമരസമിതി പെറ്റീഷനിൽ ചൂണ്ടിക്കാണിക്കുന്നു. സി. ഡബ്ല്യു. ഡി. ആർ. ഡി. എം ചെങ്ങോടുമലയിൽ നടത്തിയ പരിശോധനയിൽ പ്രകൃതിദത്ത നീരുറവ ഉണ്ടെന്ന് കളക്ടർക്ക് റിപ്പോർട്ട് കൊടുത്തിട്ടുണ്ട്. വംശനാശ ഭീഷണി നേരിടുന്ന ഒട്ടേറെ സസ്യജന്തുജാലങ്ങളുടെ ആവാസ കേന്ദ്രമാണ് ഈ മലയെന്ന് സമരസമിതി തെളിവുകൾ നിരത്തി വാദിക്കുന്നുണ്ട്. കമ്പനി സമർപ്പിച്ച മൈനിംഗ് പ്ലാനിൽ അബദ്ധ പഞ്ചാംഗമാണെന്നും പരാതിയിൽ പറയുന്നു. ചെങ്ങോടുമലക്ക് സമീപമുള്ള സ്‌കൂളുകൾ, ആരാധനാലയങ്ങൾ എന്നിവയൊന്നും കാണിക്കാതെ അഞ്ച് കിലോമീറ്റർ ദൂരത്തുള്ള സ്‌കൂളുകളാണ് കാണിച്ചത്. ജില്ലാ പുരാവസ്തു ഗവേഷണ കേന്ദ്രത്തിന്റെ കണക്ക് പ്രകാരം ചെങ്ങോടുമലയിൽ 70ശതമാനം മണ്ണും 30ശതമാനം പാറയുമാണുള്ളത്. 30ശതമാനം പാറയെടുക്കാൻ 70ശതമാനം മണ്ണ് നീക്കം ചെയ്യുന്നതിനേയും സമരസമിതി ചോദ്യം ചെയ്യുന്നു. കമ്പനി വെബ്‌സൈറ്റിൽ അപ് ലോഡ് ചെയ്ത പ്രൊജക്ട് റിപ്പോർട്ടും ലൈസൻസിനായി ഗ്രാമപഞ്ചായത്തിൽ കൊടുത്ത റിപ്പോർട്ടും വ്യത്യസ്തമാണെന്നും പെറ്റീഷനിലുണ്ട്.