പഴമയിലും പാരമ്പര്യത്തിലും ഊന്നൽ നൽകി കച്ചവടത്തെ സ്നേഹിക്കുകയാണ് ചെമ്പോട്ടി തെരുവിലെ വ്യാപാരികൾ.
കോഴിക്കോട്: പ്രാതാപത്തിന്റെ കരുത്തുമായി നൂറ്റാണ്ട് കീഴടക്കിയ ചെമ്പ്കകച്ചവടത്തിന് ഇപ്പോൾ പഴയ തിളക്കമില്ല. ക്ലാവ് പിടിക്കുന്ന ചെമ്പ് പോലെ പഴയകാല പ്രൗഢിമാത്രാകുകയാണ് കോഴിക്കോടിന് തിളക്കം സമ്മാനിച്ച ചെമ്പോട്ടിത്തെരുവ്.
കാലം മാറി. സ്റ്റീലും അലൂമിനിയവുമെല്ലാം അടുക്കള കീഴടക്കി.
ചെമ്പോട്ടി തെരുവ് ഇന്ന് വലിയ നഷ്ടത്തിന്റെ പാതയിലാണ്. അടുത്തകാലത്ത് നോട്ടുനിരോധനവും ജി. എസ്. ടി. യും ചെമ്പോട്ടി തെരുവിന്റെ നട്ടെല്ലൊടിച്ചു. കേരളത്തെ വിറപ്പിച്ച പ്രളയവും നിപ്പ വൈറസ് ബാധയും അതിന് ആക്കം കൂട്ടി. വാടകയും മേൽവാടകയും നൽകി കടകൾ നടത്തുന്ന സാധാരണക്കാരന് ലാഭവിഹിതം കിട്ടാതെയായി, കച്ചവടം പിന്നോട്ടായി. തൊഴിലാളികൾക്ക് ശമ്പളം കൊടുക്കാൻകഴിയാത്തവിധത്തിൽ കച്ചവടത്തിൽ ക്ഷീണം ഉണ്ടായി. തികച്ചും ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്ത ചെമ്പ്, പിച്ചള പാത്രങ്ങളുടെ പ്രസക്തി മനസ്സിലാക്കി അവയുടെ ഉപയോഗത്തെയും ഉത്പ്പാദനത്തേയും പ്രോത്സാഹിപ്പിക്കണമെന്നാണ് ഈ വ്യാപാരം തുടരുന്നവരുടെ ആവശ്യം.
നാനൂറ് മീറ്ററോളം നീളത്തിലാണ് ചെമ്പോട്ടിത്തെരുവുള്ലത്. ചെമ്പ്, ഓട്, പിച്ചള പാത്രങ്ങൾക്ക് പ്രസിദ്ധമാണ് ചെമ്പോട്ടിതെരുവ്. 1908 ൽ എൽ. സി ഫെർണാണ്ടസ് എന്ന വ്യാപാരി തുടക്കമിട്ട ചെമ്പുപാത്രങ്ങൾ വിൽക്കുന്ന ഒരു കടയാണ് ചെമ്പോട്ടി തെരുവിന്റെ ഉത്ഭവത്തിന് കാരണമായത്. അന്ന് ബോംബയിൽ നിന്നു കൊണ്ടുവന്നിരുന്ന ചെമ്പ് ഉപയോഗിച്ചാണ് പാത്രങ്ങൾ നിർമ്മിച്ചിരുന്നത് അതിനാൽ അവ ബോംബെ ചെമ്പ് എന്നറിയപ്പെട്ടിരുന്നു. പിന്നീട് കാലക്രമേണ കോഴിക്കോട്ടുകാർത്തന്നെ പാത്ര നിർമ്മാണം ഏറ്റെടുത്തു. ഒന്നോ രണ്ടോ കടകളിൽനിന്ന് തുടങ്ങി ഇന്ന് ചെമ്പിലും, ഓടിലുമൊക്കെത്തീർത്ത വ്യത്യസ്തമായ പാത്രങ്ങളും വിളക്കുകളും മറ്റ് വീട്ടുപകരണങ്ങളുമടക്കമുള്ള സാധനങ്ങൾഇവിടെ ലഭിക്കും. പതിനഞ്ച് രൂപ മുതൽ ഏകദേശം മുപ്പതിനായിരം രൂപവരെയുള്ള സാധനങ്ങൾ ചെമ്പോട്ടി തെരുവിലുണ്ട്.