jaleel-
കെ.ടി. ജലീൽ നൽകിയ കുറിപ്പ്

കോഴിക്കോട്: ബന്ധുവിനെ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ജനറൽ മാനേജരായി നിയമിക്കാനായി തസ്‌തികയുടെ അടിസ്ഥാന യോഗ്യത മാറ്റാൻ മന്ത്രി കെ.ടി. ജലീൽ ഇടപെട്ടതിന്റെ തെളിവുകൾ കൂടി മുസ്ലീംയൂത്ത് ലീഗ് സംസ്ഥാന ജനറൽസെക്രട്ടറി പി.കെ. ഫിറോസ് പുറത്തുവിട്ടു.

അടിസ്ഥാന യോഗ്യതയിൽ ബി.ടെക്കും പി.ജി.ഡി.ബി.എയും ഉൾപ്പെടുത്താൻ 2016 ജൂലൈ 28 ന് മന്ത്രി ജലീൽ വകുപ്പ് സെക്രട്ടറിക്ക് നൽകിയ കുറിപ്പും തുടർ നടപടികളുടെ രേഖകളുമാണ് ഫിറോസ് പുറത്തുവിട്ടത്. തസ്തിക നിർണയിച്ചതും യോഗ്യത നിശ്ചയിച്ചതും മന്ത്രിസഭായോഗം ആയതിനാൽ യോഗ്യത മാറ്റുമ്പോൾ മന്ത്രിസഭാ യോഗത്തിൽ വയ്‌ക്കണോ എന്നതിൽ ഉത്തരവിനായി ഫയൽ മുഖ്യമന്ത്രിക്ക് അയയ്‌ക്കണമെന്ന് ആഗസ്റ്റ് മൂന്നിന് വകുപ്പ് സെക്രട്ടറി എ. ഷാജഹാൻ കുറിപ്പെഴുതി.അതിനെ മറികടന്ന് അധികയോഗ്യത നിശ്ചയിക്കാൻ മന്ത്രിസഭായോഗത്തിൽ വയ്‌ക്കേണ്ടതില്ലെന്ന കുറിപ്പെഴുതിയാണ് ജലീൽ ഇടപെട്ടതെന്ന് പി.കെ. ഫിറോസ് പറ‌ഞ്ഞു.

2016 ആഗസ്റ്റ് നാലിനാണ് വകുപ്പ് സെക്രട്ടറിയുടെ കുറിപ്പ് മറികടന്ന് മന്ത്രി വീണ്ടും കുറിപ്പ് എഴുതിയത്. തുടർന്ന് മന്ത്രിസഭാ യോഗത്തിൽ വയ്‌ക്കാതെ ആഗസ്റ്റ് 9 ന് മുഖ്യമന്ത്രി ഫയലിൽ ഒപ്പിട്ടു.

 മുഖ്യമന്ത്രിയോട് ഫിറോസിന്റെ ചോദ്യങ്ങൾ

യോഗ്യത മാറ്റിയത് മുഖ്യമന്ത്രി അറിഞ്ഞോ ?

ബന്ധുനിയമനത്തിന് മുഖ്യമന്ത്രി കൂട്ടുനിന്നോ ?

മുഖ്യമന്ത്രിയെ കബിളിപ്പിച്ചോ ?

 ജലീലിന്റെ പൊളിഞ്ഞ വാദങ്ങൾ

കെ.ടി. അദീബാണ് പരമയോഗ്യൻ (അടിസ്ഥാന യോഗ്യത പോലും ഇല്ല)

അദീബ് ആകർഷകമായ ജോലി ഉപേക്ഷിച്ച ത്യാഗി ( ഇൻസന്റീവും അലവൻസും ആവശ്യപ്പെട്ടെഴുതിയ കത്ത് പുറത്തുവന്നു)

സ്വകാര്യബാങ്ക് സ്റ്റാറ്റ്യൂട്ടറി ബോഡിയാണെന്ന് (ഷെഡ്യൂൾഡ് ബാങ്ക്. സുപ്രീം കോടതി ഉത്തരവിന്റെ ബലത്തിൽ പൊളിഞ്ഞു)