കാവുംമന്ദം:പ്രളയത്തിന് ശേഷമുള്ള വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിന് വേണ്ടി വയനാട് ജില്ലാ പഞ്ചായത്തും പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ഡ്രോപ്പൗട്ട് ഫ്രീ വയനാട് പദ്ധതിയുടെ ഭാഗമായി തരിയോട് ജി എൽ പി സ്‌കൂളിനെ ഡ്രോപ്പൗട്ട് ഫ്രീ സ്‌കൂളായി പ്രഖ്യാപിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് അംഗം ആൻസി ആന്റണി പ്രഖ്യാപനം നടത്തി. പി ടി എ പ്രസിഡന്റ് ഷമീം പാറക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. ഈ പ്രവർത്തനങ്ങൾക്ക് വേണ്ടി രൂപീകരിച്ച കർമ്മ സമിതിയുടെ നേതൃത്വത്തിൽ മുഴുവൻ വീടുകളും സന്ദർശിച്ച് കൊഴിഞ്ഞുപോക്ക് തടയുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ നടത്തി. ജനപ്രതിനിധികൾ, പിടിഎ ഭാരവാഹികൾ, കുടുംബശ്രീ ഭാരവാഹികൾ, പൊതു പ്രവർത്തകർ, ട്രൈബൽ വളണ്ടിയർമാർ, ആശ വർക്കർമാർ, വിദ്യാഭ്യാസ പ്രവർത്തകർ തുടങ്ങിയവർ ഈ പ്രവർത്തനങ്ങളിൽ പങ്കാളികളായി. പ്രധാനാദ്ധ്യാപിക വത്സ പി മത്തായി, കെ സന്തോഷ്, സജിഷ പ്രശാന്ത്, എം എ ലില്ലിക്കുട്ടി, എം മാലതി, എം പി കെ ഗിരീഷ്‌കുമാർ, പി ബി അജിത, സി സി ഷാലി, ശശികുമാർ, ടി സുനിത, ഷമീന തുടങ്ങിയവർ സംസാരിച്ചു.
തുടർ പ്രവർത്തനങ്ങളെന്ന നിലയിൽ വിദ്യാർത്ഥികളെ ആകർഷിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾക്കൊപ്പം ബോധവൽക്കരണ പരിപാടികളും സ്‌കൂൾ തലങ്ങളിൽ സംഘടിപ്പിക്കും. വിവിധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെ സേവനങ്ങൾ ഉപയോഗപ്പെടുത്തിയാവും തുടർ പദ്ധതികൾ നടപ്പിലാക്കുക.