പാൽച്ചുരം പുനർനിർമ്മാണം വൈകുന്നു; ജനങ്ങളുടെ യാത്ര ജീവൻ പണയം വെച്ച്
മാനന്തവാടി: വയനാട് കണ്ണൂർ ജില്ലകളെ തമ്മിൽ വളരെ എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന പാൽച്ചുരം റോഡ് വഴിയുളള യാത്ര അതി കഠിനം.ചുരം റോഡിന്റെ പുനർനിർമ്മാണമാകട്ടെ വൈകുന്നു.പ്രളയത്തിന് ശേഷം താത്കാലികമായി ഈ റോഡ് നന്നാക്കി ഗതാഗ യോഗ്യമാക്കിയെങ്കിലും അപകട സാധ്യത നിലനിൽക്കുന്നു.യാത്രക്കാർ ജീവൻ പണയം വെച്ചാണ് പാൽച്ചുരത്തിലൂടെ ഇപ്പോൾ വാഹനത്തിൽ സഞ്ചരിക്കുന്നത്.കഴിഞ്ഞ കനത്തമഴയിലും മണ്ണിടിച്ചിലിലുമാണ് പാൽച്ചുരം തകർന്നത്.ചുരം റോഡ് ഏതാണ്ട് പൂർണമായും ഇടിഞ്ഞിരുന്നു.ചുരത്തിന്റ തുടക്കം മുതൽ അവസാനം വരെ ഒരുഭാഗം കുത്തനെയുള്ള മലയും മറുഭാഗം കൊക്കയുമാണ്.കനത്ത മഴയിൽ മലയിൽനിന്നും വലിയ തോതിലാണ് മണ്ണിടിഞ്ഞ് വീണത്.കൂറ്റൻ പാറകളടക്കം റോഡിൽ പതിച്ചിരുന്നു.പലയിടങ്ങളിലും ചുരം റോഡ് വിണ്ട് കീറീ.തുടർന്ന് ഒരു മാസത്തിലേറെ ഈ റോഡ് അടച്ചിട്ടിരുന്നു.പിന്നീട് പൂർണ്ണമായും ഇടിഞ്ഞ് തകർന്ന ഭാഗങ്ങൾ മാത്രം നന്നാക്കി ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു.മുള കൊണ്ടും മറ്റുമാണ് കൈവരി നിർമ്മിച്ചത്.എതിരെ വാഹനം വന്നാൽ അരിക് നൽകി കടന്നു പോകാൻ പോലും ചുരത്തിൽ ചിലയിടങ്ങളിൽ വാഹനങ്ങൾക്ക് കഴിയുന്നില്ല.ബസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾക്കാണ് പാൽച്ചുരത്തിലൂടെ ഓടാൻ പ്രയാസം കൂടുതൽ.താത്കാലികമായി പാൽച്ചുരം റോഡ് നന്നാക്കി ഗതാഗത യോഗ്യമാക്കിയ ശേഷം പല തവണ വാഹനങ്ങൾ പാൽച്ചുരത്തിൽ അപകടത്തിൽപ്പെട്ടിട്ടുണ്ട്.തലനാരിഴയ്ക്കാണ് യാത്രക്കാരുടെ ജീവൻ തിരിച്ചുകിട്ടിയത്.കണ്ണൂർ ജില്ലയിലെ അമ്പായത്തോട് മുതൽ വയനാട്ടിലെ ബോയ്‌സ് ടൗൺവരെയുള്ള 6.27 കിലോമീറ്റർ വടകര ചുരം ഡിവിഷന് കിഴിലാണുള്ളത്.ഇതിൽ 3.27 കിലോമീറ്ററാണ് പാൽച്ചുരത്തിന്റെ നീളം.പാൽച്ചുരം റോഡിന്റെ പുനർനിർമ്മാണത്തിനായി വടകര ചുരം ഡിവിഷൻ സർക്കാരിന്റെ അനുമതിയ്ക്കായി പദ്ധതി സമർപ്പിച്ചെങ്കിലും ഇതിന് അനുമതിയായിട്ടില്ല.റീ ടാറിങ്ങിന് 1.20 കോടിയുടെയും സംരക്ഷണഭിത്തിയും,കൈവരിയും നിർമ്മിക്കുന്നതിന് ഒമ്പത് കോടിയുടെയും പ്രൊപ്പോസലാണ് സർക്കാരിന് നൽകിയത്.മാനന്തവാടിയിൽ നിന്ന് പാൽച്ചുരം വഴിയാണ് കണ്ണൂർ വിമാന താവളത്തിലേക്ക് നാലുവരി പാതയ്ക്കായി സർവ്വെ നടപടികൾ പൂർത്തിയാക്കിയത്.വൻ തുക ചിലവിട്ടുള്ള ഈ നാലുവരി പാത പദ്ധതി സർക്കാരിന്റെ പ്രഥമ പരിഗണയിലാണ്.അതുകൊണ്ട് തന്നെയാണ് പാൽച്ചുരം റോഡിനായുള്ള വടകര ചുരം ഡിവിഷൻ സമർപ്പിച്ച പദ്ധതിയ്ക്ക് അനുമതി നൽകാൻ വൈകുന്നതെന്നാണ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന.