pinarayi-vijayan-dyfi

കോഴിക്കോട്: ശബരിമല വിഷയത്തിൽ കോൺഗ്രസ് ബി.ജെ.പിയുടെ ബി ടീമാണെന്നും രാഹുൽ ഗാന്ധി സ്ത്രീപക്ഷ നിലപാട് സ്വീകരിച്ചപ്പോൾ അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനം ആണെന്ന് പറഞ്ഞ് അമിത് ഷായുടെ നിലപാട് സ്വീകരിച്ചവരാണ് കേരളത്തിലെ കോൺഗ്രസുകാരെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന്റെ സമാപന റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്ത്രീയുടെയും പുരുഷന്റെയും തുല്യ അവകാശം ഉയർത്തിക്കാട്ടി സുപ്രീംകോടതി വിധി വന്നപ്പോൾ എല്ലാവരും സ്ത്രീ പക്ഷക്കായിരുന്നു. പിന്നെയാണ് ഇവർ നിലപാട് മാറ്റിയത്. സർക്കാർ വിശ്വാസികൾക്കൊപ്പമാണ്. എല്ലാവരുടെയും വിശ്വാസം സംരക്ഷിക്കപ്പെടും. ശബരിമലയിൽ വിശ്വാസികൾക്ക് സംരക്ഷണം സർക്കാർ ഉറപ്പാക്കും.ഇന്നത്തെ കേരളം രൂപപ്പെടുന്നതിൽ ആർ.എസ്.എസ് ഒഴികെ എല്ലാവർക്കും പങ്കുണ്ട്. അത് തകർക്കാനാണ് ആർ.എസ്.എസ് ശ്രമം. കേരളത്തെ വീണ്ടും ഇരുട്ടിലേക്ക് തള്ളിവിടാനാണ് ശ്രമം. ഇതിനെതിരേ യുവജനങ്ങൾ അണിനിരക്കുന്നുണ്ട്. സമൂഹം നാടിന്റെ മുന്നോട്ടുള്ള കുതിപ്പിനൊപ്പമേ നിൽക്കൂ. അത്തരക്കാരെ മാത്രമേ ചരിത്രത്തിൽ കാണാനാവൂ.
രാജ്യത്തിന്റെ എല്ലാ മൂല്യങ്ങളും തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ആർ. എസ്.എസ് അംഗീകരിക്കുന്നത് നാസിസമാണ് . അവർക്ക് ജനാധിപത്യത്തോട് പുച്ഛമാണ്. അത് നാമിന്ന് കാണുന്നുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷനെ പോലും സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല. ജുഡിഷ്യറിയെ തെരുവിലിട്ട് അലക്കുകയാണ്.
രാജ്യത്തെ പുതിയ ഒരു രീതിയിൽ മാറ്റിയെടുക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. അതിനായി കുട്ടികളിൽ തെറ്റായ ധാരണ കുത്തിവയ്‌ക്കുന്നു. അതിന്റെ ഭാഗമായി പുസ്തകങ്ങളിൽ മാറ്റം വരുത്തുകയാണ്. ഇതിനെല്ലാം ഭരണഘടനയാണ് തടസം. സംഘപരിവാർ ഒരിക്കലും ഭരണഘടന അനുസരിച്ച് പ്രവർത്തിക്കില്ല. അപ്പോൾ ഭരണ ഘടന മാറ്റണം. അതിന്റെ ഭാഗമായാണ് കേരളത്തിലും സമരം നടക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഡി.വൈ.എഫ്.ഐയുടെ പുതിയ സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എ.എ റഹിം, മന്ത്രി ടി.പി രാമകൃഷ്ണൻ, മേയർ തോട്ടത്തിൽ രവീന്ദ്രൻ, എ. പ്രദീപ് കുമാർ എം.എൽ.എ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ അദ്ധ്യക്ഷൻ മുഹമ്മദ് റിയാസ്, ജനറൽ സെക്രട്ടറി അവോയി മുഖർജി, എളമരം കരിം എന്നിവർ സംസാരിച്ചു.