വടകര: ചോറോട് മലോൽമുക്ക് റൂട്ടിൽ സർവീസ് നടത്തിയിരുന്ന ബസുകൾ കൂട്ടത്തോടെ ട്രിപ്പുകൾ മുടക്കുന്നു. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ ദുരിതത്തിൽ. . ചോറോട്മലോൽമുക്ക്,ഓർക്കാട്ടേരി,കുന്നുമ്മക്കര റോഡ് പരിഷ്‌കരണത്തിന്റെ പേരിലാണ് ബസുകൾ മുടങ്ങുന്നത്. 20 കോടി ചെലവിൽ ഡ്രെയിനേജ് പണിത് റോഡ് വീതി കൂട്ടിയുള്ള പ്രവൃത്തിയാണ് മൂന്നു മാസം മുമ്പ് ആരംഭിച്ചത്. പത്തോളം ബസുകൾ സർവീസ് നടത്തിയിരുന്ന റൂട്ടിൽ ഒരു ബസ് മാത്രമേ ഇപ്പോൾ ഓടുന്നുള്ളൂ. അതും രാവിലെയും വൈകുന്നേരവും മാത്രം. വടകരയിലും ഓർക്കാട്ടേരിയിലും എത്തേണ്ടവർ നടന്നും അമിത ചാർജ് കൊടുത്ത് മറ്റു വാഹനങ്ങളിലുമാണ് യാത്രചെയ്യുന്നത് . പ്രശ്‌നത്തിന് ഉടൻ പരിഹാരം കാണാൻ അധികൃതർ തയ്യാറാവണമെന്ന് യൂത്ത് കോൺഗ്രസ് ചോറോട് ഈസ്റ്റ് കമ്മിറ്റി ആവശ്യപെട്ടു. ഇർഷാദ് സുൽത്താൻ അദ്ധ്യക്ഷനായിരുന്നു. കെ.കെ.കൃഷ്ണദാസ്, യു.എസ്.ശ്രീജിഷ്, വിഷ്ണു വിലങ്ങിൽ, ആഷിഖ് രാജേന്ദ്രൻ, വി.അരുൺ നാഥ് എന്നിവർസംസാരിച്ചു.