മാനന്തവാടി: മാനന്തവാടി എരുമത്തെരുവിലെ മത്സ്യ, മാംസ മാർക്കറ്റ് അടച്ച് പൂട്ടാൻ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. മത്സ്യ, മാംസ മാർക്കറ്റ് പ്രവർത്തനം പൊതുജനാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുവാൻ സാധ്യതയുണ്ടെന്നും പകർച്ചവ്യാധികൾ ഉണ്ടാകുന്നതിന് കാരണമാകുമെന്നും കണ്ടെത്തി ക്രിമിനൽ നടപടി നിയമം സെക്ഷൻ 133 പ്രകാരമാണ് ഉത്തരവ്.
ഏഴ് ദിവസത്തിനകം മാർക്കറ്റ് അടച്ച് പൂട്ടുകയോ അല്ലെങ്കിൽ നവമ്പർ 27 ന് കോടതിയിൽ ഹാജരായി ഈ ഉത്തരവിനെതിരെ കാരണം കാണിക്കുന്നതിനോ ആണ് സബ്ഡിവിഷണൽ മജിസ്‌ട്രേറ്റ് ഉത്തരവായത്.
മാനന്തവാടി മുനിസിപ്പാലിറ്റി സെക്രട്ടറിക്ക് ഉത്തരവ് കൈമാറി.
മാനന്തവാടി മുനിസിപ്പാലിറ്റിക്ക് കീഴിലുള്ള മാർക്കറ്റ് യാതൊരു സുരക്ഷയും മാനദണ്ഡവും പാലിക്കാതെയാണ് പ്രവർത്തിക്കുന്നതെന്നും വെള്ളം ഫിൽറ്റർ ചെയ്യാൻ സംവിധാനമില്ലാത്തതിനാൽ അഴുക്കു വെള്ളം കെട്ടിക്കിടന്ന് പുഴുക്കൾ നിറയുന്നത് പതിവാണെന്നും മൃഗങ്ങളെ അറുക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾ പാലിക്കുന്നില്ലെന്നും മാർക്കറ്റിൽ നിന്ന് മലിനജലം ഒഴുകിപ്പോകുന്ന വഴിയിൽ ധാരാളം വീടുകളുണ്ടെന്നതിനാൽ രോഗം പടരാൻ സാധ്യതയുണ്ടെന്നും കാണിച്ച് മാനന്തവാടി എരുമത്തെരുവ് സ്വദേശികളായ അസീസ് കൊടക്കാട്ട്, പി.ജെ.പത്രോസ്, കെ.ഫൗലാദ്, മിനിമോൾ വർഗ്ഗീസ്, കെ.റസ്സാഖ് എന്നിവർ ചേർന്ന് നൽകിയ ഹർജിയിലാണ് ഇത്തരവ്.
മത്സ്യമാംസ മാർക്കറ്റിലെ മലിനജലം വയലിലൂടെ ഒഴുക്കിവിടുന്നതിനാൽ അസഹ്യമായ ദുർഗന്ധം കാരണം പ്രദേശത്ത് താമസിക്കാൻ പറ്റാത്ത അവസ്ഥയാണെന്നും എലിപ്പനി പോലുള്ള മാരക രോഗങ്ങൾക്ക് കാരണമാകുമെന്നും പരാതിക്കാർ ബോധിപ്പിച്ചു. മാനന്തവാടി മുനിസിപ്പാലിറ്റിക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് കാണിച്ച് 44 പേർ ഒപ്പിട്ട ഹർജിയാണ് കോടതിയിൽ സമർപ്പിച്ചത്.
ശരിയായ മാലിന്യ സംസ്‌ക്കരണ സംവിധാനമില്ലാതെ പ്രവർത്തിക്കുന്ന മത്സ്യ മാർക്കറ്റ് പൊതുജനാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യത ഉണ്ടെന്ന് കാണിച്ച് ജില്ലാ മെഡിക്കൽ ഓഫീസർ 2018 ജൂൺ 13ന് നഗരസഭ സെക്രട്ടറിക്ക് കത്ത് നൽകിയതും കോടതിയിൽ സമർപ്പിച്ചിരുന്നു
മാർക്കറ്റിൽ ശാസ്ത്രീയമായ മലിനജല, ഖരമാലിന്യ സംസ്‌ക്കരണ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടില്ലെന്നും ആവശ്യമായ സംവിധാനങ്ങൾ ഏർപ്പെടുത്തി ബോർഡിന്റെ അനുമതി ലഭിക്കുന്നത് വരെ മാർക്കറ്റിന്റെ പ്രവർത്തനം നിർത്തിവെക്കണമെന്ന് കാണിച്ച് സംസ്ഥാന പൊലൂഷൻ കൺട്രോൾ ബോർഡ് ജൂൺ 20ന് മുനിസിപ്പാലിറ്റിക്ക് നോട്ടീസ് നൽകുകയും ചെയ്തിരുന്നു.