കുറ്റ്യാടി: മരുതോങ്കര പഞ്ചായത്തിലെ കളളാട് ചെറ്റയിൽ പീടിക നാണുവിന് സ്നേഹ വീടൊരുങ്ങുന്നു. ജീവിത പ്രാരാബ്ധത്തിനിടയിൽ ചെറിയ തോതിൽ കച്ചവടം നടത്തിവരികയായിരുന്ന നാണു കടയിൽ നിന്നും യാദൃശ്ചീകമായി തെന്നി വീണ് നട്ടെല്ലിന് കാര്യമായ ക്ഷതമേറ്റ് വർഷങ്ങളായി ചികിൽസയിലാണ്. കുടുംബനാഥനായ ഇദ്ദേഹത്തിന്ന് ഇന്നത്തെ സാഹചര്യത്തിൽ പരസഹായമില്ലാതെ പ്രാഥമിക കർമ്മങ്ങൾ പോലും ചെയ്യാനാവാത്ത അവസ്ഥയാണ്. പൊട്ടിപൊളിഞ്ഞ മൺ വീടിൽ ഭാര്യയും ഇദ്ദേഹവും ഏറെ കഷ്ട്ടപെട്ടാണ് ജീവിച്ചുവന്നിരുന്നത്. ഈ അവസ്ഥയിലാണ് സി.പി.എം മരുതോങ്കര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാണുവിന്ന് വീടൊരുക്കാനുള്ള തീരുമാനം ഉണ്ടായത്. തുടർന്ന് സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടറി പി.മോഹനൻ വീടിന്റെ തറക്കല്ല് ഇടൽ കർമ്മം നടത്തി. ശേഷം നാട്ടുകാരും പാർട്ടി പ്രവർത്തകരും ചേർന്ന് വീട് നിർമാണത്തിനാവശ്യമായ സാമഗ്രികൾ ശേഖരിക്കുകയും ശ്രമദാനമായി നിർമാണ ജോലികൾ ആരംഭിക്കുകയുമായിരുന്നു. തുടർന്ന് വീടിന്റെ നിർമാണ പ്രവർത്തനങ്ങൾ ഏറെ കുറെപൂർത്തികരണത്തിലേക്ക് എത്തിയിരിക്കയാണ്.